കൈക്കൂലിക്കേസില്‍ യുഎസ് നടി ഫെലിസിറ്റി ഹഫ്മാന് തടവുശിക്ഷ

14 ദിവസത്തെ തടവിന് വിധിച്ചു
കൈക്കൂലിക്കേസില്‍ യുഎസ് നടി ഫെലിസിറ്റി ഹഫ്മാന് തടവുശിക്ഷ

കൈക്കൂലി നല്‍കി മകള്‍ക്ക് ഉന്നത സര്‍വകലാശാലയില്‍ പ്രവേശനം നേടാന്‍ ശ്രമിച്ച ഹോളിവുഡ് നടി ഫെലിസിറ്റി ഹഫ്മാനെ 14 ദിവസത്തെ തടവിന് വിധിച്ചു. യുഎസ് ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ പിടിച്ചുകുലുക്കിയ ഈ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്ന ആദ്യ രക്ഷകര്‍ത്താവാണ് ഹഫ്മാന്‍.തടവു ശിക്ഷയ്ക്ക് പുറമേ ഹഫ്മാനു 30,000 ഡോളര്‍ പിഴയും 250 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനവും നല്‍കണമെന്നും യുഎസ് ജില്ലാ ജഡ്ജി ഇന്ദിര തല്‍വാനി പറഞ്ഞു.

കോടതിയുടെ തീരുമാനം താന്‍ പൂര്‍ണമായും സ്വീകരിക്കുന്നുവെന്നും ജഡ്ജി ചുമത്തുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ എപ്പോഴും തയ്യാറാണ്. താന്‍ നിയമം ലംഘിച്ചതിന് ഒരു ന്യായീകരണങ്ങളും നല്‍കാനാവില്ലെന്നും ശിക്ഷാവിധിക്ക് ശേഷം പുറത്തിറങ്ങിയ ഹഫ്മാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൂടാതെ കോളേജ് പ്രവേശനം നേടാന്‍ കഠിനാധ്വാനം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും ക്ഷമ ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. നേരത്തേ, സാറ്റ് കോളേജ് പ്രവേശന പരീക്ഷയില്‍ മകളുടെ സ്‌കോര്‍ വര്‍ദ്ധിപ്പിക്കുന്നതിന് 15,000 ഡോളര്‍ കൈക്കൂലി നല്‍കിയ കേസില്‍ പ്രതിയാണ് ഹഫ്മാന്‍.