രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരന്‍ പരോള്‍ കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്

ആദ്യ പരോളായിരുന്നു
രാജീവ് ഗാന്ധി വധക്കേസ്; നളിനി ശ്രീഹരന്‍ പരോള്‍ കഴിഞ്ഞ് വീണ്ടും ജയിലിലേക്ക്

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരന്‍ പരോള്‍ കാലാവധി അവസാനിച്ച്  വീണ്ടും ജയിലിലേക്ക്. കഴിഞ്ഞ 27 വർഷത്തിനിടെ ഇതാദ്യമായാണ് നളിനിക്ക് പരോൾ അനുവദിക്കുന്നത്. നേരത്തെ 2016 ൽ പിതാവ് മരിച്ചതിനെ തുടന്ന് മരണാനന്തര ചടങ്ങിന് പങ്കെടുക്കുവാൻ ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. എന്നാൽ ഔദ്യോഗിക നടപടികളോടു കൂടിയ ആദ്യ പരോളായിരുന്നു ഇത്. 

മകള്‍ അരിത്രയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിതിനായി കഴിഞ്ഞ ജൂലൈ 5 നാണ് മദ്രാസ് ഹൈക്കോടതി നളിനിക്ക് പരോള്‍ അനുവദിക്കുന്നത്. 1991 മേയ് 21 ന് നടന്ന ചാവേര്‍ സ്‌ഫോടനത്തിൽ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസിലെ പ്രതികളിലൊരാണ് നളിനി. വെല്ലൂർ സെൻട്രൽ ജയിലാണ് നളിനി ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്നത്.

ഓഗസ്റ്റില്‍ പരോള്‍ കാലാവധി കഴിഞ്ഞിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. 

41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998ല്‍ വധശിക്ഷ വിധിച്ചിരുന്നു. 1999ല്‍ മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടെ ശിക്ഷയായിരുന്നു ജീവപര്യന്തമായി കുറച്ചത്. കേസിലുള്‍പ്പെട്ട മറ്റ് 19 പേരെ വെറുതെ വിട്ടിരുന്നു. എന്നാൽ, 2000 ല്‍ സോണിയാഗാന്ധിയുടെ അപേക്ഷ പ്രകാരമായിരുന്നു നളിനിയുടെ വധശിക്ഷ തമിഴ്‌നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.