പിതാവ് വിവാഹം കഴിച്ചതിന് മകന് പിഴ

കൊല്ലം മുട്ടയ്ക്കാവ് ഖുവ്വത്തുൽ ഇസ്ലാം ജമാഅത്താണ് മുടീച്ചിറ അൻസർ മൻസിലിന് 15,000 രൂപ പിഴ നൽകിയത്.

ജമാഅത്ത് അറിയാതെ പിതാവ് വിവാഹം കഴിച്ചതിന്റെ പേരിൽ  മകൻ അൻസർ മൻസിലിന് പിഴ. കൊല്ലം മുട്ടയ്ക്കാവ് ഖുവ്വത്തുൽ ഇസ്ലാം ജമാഅത്താണ് മുടീച്ചിറ അൻസർ മൻസിലിന് 15,000 രൂപ പിഴ നൽകിയത്. അൻസറിന്റെ പിതാവ് നിസാറുദ്ധീനാണ് ജമാഅത്ത് അറിയാതെ വിവാഹം കഴിച്ചത്. പിഴത്തുകയായ 15000 രൂപ നൽകാൻ പിതാവിനോട് അൻസർ ആവശ്യപ്പെടുകയും എന്നാൽ പിതാവ്  അതിനു തയാറാകാതിരുന്നതിനെ തുടർന്ന് അൻസർ പിഴയടച്ച രസീത് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ജമാഅത്തിന്റെ അറിവോട് കൂടി  മാത്രമേ വിവാഹം കഴിക്കാൻ പാടുള്ളൂ എന്നതാണ്  ജമാഅത്തിന്റെ മഹൽ തീരുമാനമെന്നും അൻസറിന്റെ പിതാവ് ഇപ്രകാരം ചെയ്യാതിരുന്നതിനാലാണ് പിഴ നൽകിയതെന്നുമാണ് മുട്ടയ്ക്കാവ് ഖുവ്വത്തുൽ ഇസ്ലാം ജമാഅത്തിന്റെ മസ്ലത്ത് കൺവീനറായ  നാസർ ഫാക്ട്ഇൻക്വസ്റ്റിനോട് പറഞ്ഞു. 

മഹൽ അംഗങ്ങൾ വിവാഹം, മരണം തുടങ്ങിയ കാര്യങ്ങല്ലാം മഹലിൽ അറിയിക്കണമെന്നത് ഒരു നടപടി ക്രമം ആണ്. ജമാഅത്തിനെ അറിയിക്കാതെ മലപ്പുറത്ത് വച്ചാണ് നിസാറുദ്ധീൻ നിക്കാഹ് കഴിക്കുന്നത്. വിവാഹ രജിസ്ട്രേഷനിലും മറ്റും ജമാഅത്തിന് ഉത്തരവാദിത്വമുള്ളതിനാൽ കമ്മിറ്റി അറിയാതെ വിവാഹം കഴിക്കുന്നവർക്കുള്ള പിഴയാണ് മകന് ഒടുക്കേണ്ടിവന്നത്.

ഇത് സംബന്ധിച്ച് യാതൊരു കാരണം കാണിക്കൽ നോട്ടീസോ വിവരങ്ങളോ അൻസറോ നിസാറുദ്ധീനോ പള്ളിയിൽ നൽകാതിരുന്ന സാഹചര്യത്തിലാണ് അവർക്കെതിരെ നടപടി എടുത്തതെന്ന് മസ്ലത്ത് കൺവീനർ ഫാക്ട്ഇൻക്വസ്റ്റിനോട്  വ്യക്തമാക്കി. ജമാഅത്തുമായി ബന്ധപ്പെട്ട ഔദ്യോഗിമായ മറ്റു കാര്യങ്ങൾ ഈ പിഴ അടക്കാതെ ചെയ്യാൻ സാധ്യമല്ലാത്ത സാഹചര്യത്തിലാണ് അൻസർ പിഴ തുക ഒടുക്കേണ്ടിവരുന്നത്.

Content Highlights: Father married without the knowledge of Jamaat; son forced to pay fine.