നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാർഡ് ദിലീപിന് നൽകുന്നതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ

മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ അത് തനിയ്ക്ക് കിട്ടാൻ അവകാശമുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേസിലെ പ്രതിയായ നടൻ ദിലീപിന് നൽകുന്നതിനെ സുപ്രീംകോടതിയിൽ എതിർത്ത് സംസ്ഥാന സർക്കാർ. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെങ്കിൽ അത് തനിയ്ക്ക് കിട്ടാൻ അവകാശമുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്താണ് തനിക്കെതിരായ  രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന സാഹചര്യത്തിലാണ്  മെമ്മറി കാർഡ് നൽകണമെന്ന ആവശ്യം പ്രതി ഉന്നയിച്ചത്.

എന്നാൽ ദൃശ്യങ്ങൾ പ്രതിക്ക് നൽകിയാൽ അത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചേക്കാമെന്നതും  ഇത് ഇരയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കുന്നതാണെന്നതും കണക്കിലെടുത്താണ് പ്രതിക്ക് മെമ്മറി കാർഡ് നൽകുന്നതിനെ സർക്കാർ  എതിർക്കുന്നത്.

കോടതിയിൽ നടിയും മെമ്മറി കാർഡ് കൈമാറുന്നതിനെ ശക്തമായി എതിർത്തിരുന്നു. ദൃശ്യങ്ങൾ പ്രതിയ്ക്ക് കൈമാറാതെ, രേഖകൾ പരിശോധിക്കാനുള്ള നടപടിക്രമങ്ങൾ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ന്യായമായ വിചാരണ നടക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും തന്‍റെ സ്വകാര്യത ഹനിക്കപ്പെടാതെ, അതേസമയം, പ്രതിയ്ക്ക് ന്യായമായ അവകാശങ്ങൾ സ്ഥാപിച്ച് കിട്ടുന്ന തരത്തിൽ ഒരു നടപടിക്രമം രൂപീകരിക്കാൻ ഇടപെടണമെന്നാണ് സുപ്രീംകോടതിയോടുള്ള നടിയുടെ അപേക്ഷയിൽ പറയുന്നത്. 

Content Highlights: The government opposed in Supreme court giving memory card to the accused actor Dileep in actress attack case.