സ്ത്രീധനം ചോദിക്കുകയോ കൊടുക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് ക്രിമിനൽ കുറ്റമായി നിലനിൽക്കെ സ്ത്രീധനം നൽകുന്നതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് തത്സമയ പണപിരിവ് നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വെെറൽ ആയിക്കൊണ്ടിരിക്കുകയാണ്. പല മാധ്യമങ്ങളും നന്മമരത്തിൻറെ പ്രവർത്തിയെ പ്രംശംസിച്ചുകൊണ്ടുള്ള വാർത്ത കൊടുത്തിരിക്കുന്നു. നൂറ്റാണ്ടുകളായുള്ള പ്രവൃത്തിപരിചയ സമ്പത്തുള്ള മാധ്യമങ്ങൾ പോലും പെൺകുട്ടിയുടെ സ്വപ്നം തത്സമയത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടു എന്ന തലക്കെട്ടുകളിലൂടെ പറഞ്ഞുപോകുമ്പോൾ യഥാർത്ഥ പ്രശ്നം ചോദ്യം ചെയ്യപ്പെടാതെ പോവുകയാണ്.
ഏകദേശം ആറുമണിക്കൂർ നീണ്ട ഫേസ്ബുക്ക് ലെെവിലൂടെയാണ് സുശാന്ത് നിലമ്പൂർ എന്ന വ്യക്തി പെൺകുട്ടിക്ക് വിവാഹം നടക്കണമെങ്കിൽ പണം വേണമെന്ന് ആവശ്യപ്പെട്ട് സംസാരിച്ചത്. ലെെവിൽ പെൺകുട്ടിയുടെ അമ്മയും സഹോദരിയും സംസാരിക്കുന്നുണ്ട്. നാളെ വിവാഹമാണെന്നും പതിനഞ്ച് പവൻ ചെറുക്കൻറെ വീട്ടുകാർ ആവശ്യപ്പെട്ടതായും പണം ഉണ്ടാക്കാൻ പെൺകുട്ടിയുടെ അച്ഛന് സാധിച്ചിട്ടില്ലെന്നും സഹായിക്കണമെന്നുമായിരുന്നു വീഡിയോ. രോഗികളെ സഹായിക്കാനും മറ്റ് അടിയന്തര പ്രശ്നങ്ങള്‍ക്കും സഹായം ഒഴുകുന്നതുപോലെ വിവാഹകാര്യങ്ങള്‍ക്ക് ആരും പണം നൽകുന്നില്ലെന്ന് സുശാന്ത് വീഡിയോയിൽ പറയുന്നു. സ്ത്രീകൾ കച്ചവടവസ്തു അല്ല എന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കാൻ വർഷങ്ങളായി ഇവിടുത്തെ സ്ത്രീകൾ പോരാടുന്നതാണ്. അത്തരം പോരാട്ടങ്ങൾക്ക് വില കൽപ്പിക്കാതെയുള്ള സുശാന്തിനെ പോലെയുള്ളവരുടെ പ്രവർത്തികൾ ഒരു രീതിയിലും ന്യായീകരണം അർഹിക്കുന്നില്ല. ഫേസ്ബുക്ക് ലെെവിലൂടെ കുറ്റകൃത്വമാണ് സുശാന്ത് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്കിലെ തത്സമയത്തിലൂടെ ഏകദേശം 3 ലക്ഷം രൂപയിൽ അധികമാണ് അയാൾ സമ്പാദിച്ചത്. പണം കൊണ്ടുപോയി സ്വർണകടയിൽ നിന്ന് സ്വർണം മേടിക്കുന്ന ലെെവും ഇട്ടിരുന്നു. ഇത്തരം അനാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകളെ നിയമപരമായി തന്നെ കെെകാര്യം ചെയ്യണം. നിലവിലെ സ്ത്രീധന നിരോധന നിയമം സെഷൻ 4 പ്രകാരം പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും പരമാവധി രണ്ടു വർഷം വരെ ശിക്ഷയും പിഴയും ലഭിക്കുന്നതുമാണ്. അതുകൊണ്ട് തന്നെ സ്ത്രീധനം അവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബത്തെ സമ്മർദ്ദത്തിലാക്കിയ ചെറുക്കൻറെ പേരിലും പൊലീസ് കേസെടുക്കണം. സ്ത്രീധനം ഉണ്ടാക്കിക്കൊടുത്ത് പരസ്യമായി ഒരു നിയമ ലംഘനം നടത്തുമ്പോൾ അത് പവിത്രമായ പരമോന്നത കോടതിയോടുള്ള വെല്ലുവിളിയായി കാണമെന്ന് മനുഷ്യാവകാശ കൌൺസിൽ സംസ്ഥാന സെക്രട്ടറി ജയശ്രി പ്രതികരിച്ചു. ഇത് ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ നാളെ ഒരുപാട് പേർക്ക് ഇത് പ്രോത്സാഹനം ആയി മാറും. ആത്മാഭിമാന ബോധം ഉള്ള ഒരു പെൺകുട്ടിക്കും ഇത്തരത്തിൽ കാശ് കൊടുത്ത് കല്യാണം കഴിക്കാൻ പറ്റില്ല.
സ്ത്രീധനം കൊടുത്താൽ മാത്രമെ വിവാഹം കഴിക്കു എന്ന് പറയുന്നവരെ വിവാഹം കഴിക്കില്ല എന്ന് സ്ത്രീകൾ പറയണം. അങ്ങനെ സ്ത്രീധനം ചോദിക്കുന്നവരെ നിയമത്തിൻറെ മുമ്പിൽ കൊണ്ടുവരാൻ കുടി ഇവർ മുൻകെെ എടുക്കണം.
Content Highlights: susanth nilambur demanding dowry on Facebook live