ഗർഭചിദ്രം നടത്തുന്നതിന് സ്ത്രീകൾക്ക് പൂർണ അധികാരമില്ലെന്ന് കേന്ദ്രം 

government against abortion rights

മെഡിക്കൽ ടെർമിഷൻ ഓഫ് പ്രെഗ്നന്‍സി ആക്ട് വ്യവസ്ഥകളില്‍ ഭേദഗതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, ഗര്‍ഭചിദ്രം നടത്തുന്നതിന് സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. നിലവില്‍ 20 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാമെന്ന നിയമം ഉണ്ട്. എന്നാല്‍ ഇത് 26 ആഴ്ചയായി കൂട്ടണമെന്ന ആവശ്യവുമായി ഡോ. നിഖില്‍ ദത്താണ് 2009ല്‍ സുപ്രീംകോടതിയിൽ  ഹര്‍ജി നല്‍കുന്നത്. 

ഗര്‍ഭചിദ്രം നടത്തുന്നതിനുള്ള സ്ത്രീകളുടെ അവകാശം, അമ്മയുടെ ആരോഗ്യത്തേയും ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ  ജീവിതത്തേയും കുറിച്ചുള്ള രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിധേയമാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവിലെ വ്യവസ്ഥകളില്‍ ഭേദഗതി വരുത്തിയാല്‍ അത് ദുര്‍ബലകളായ യുവതികളെ സ്വാധീനിച്ചോ ഭീക്ഷണിപ്പെടുത്തിയോ ഗര്‍ഭചിദ്രം നടത്തുന്നതിന് വഴിവെച്ചേക്കാമെന്നത് ചൂണ്ടികാട്ടിയാണ് സര്‍ക്കാരിന്റെ  ഈ വാദം. എന്നാൽ ഇതിനെതിരെ പലതരത്തിലുള്ള വിമർശനങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. 

ഹിറ്റ്ലർ സ്ത്രീകളോട് കാണിച്ചതിന്റെ ആവർത്തനമാണ് ഈ സർക്കാർ തീരുമാനമെന്നും, ഇത്തരത്തിൽ ചരിത്രം ആവർത്തിക്കുകയാണെങ്കിൽ പ്രതികരിക്കേണ്ടിയിരുക്കുന്നുവെന്നും, അവർ ഞങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന് പറയുന്നതിൽ ലജ്ജ തോന്നുന്നുവെന്നും ഡോ. വീണ ജെ എസ്  ഫേസ്ബുക്കിൽ കുറിച്ചു. ഇത് ഏതു നാട്ടിലാണ് നാമൊക്കെ ജീവിക്കുന്നത്? ഒരു സ്ത്രീയുടെ ശരീരത്തെ കുറിച്ച് എന്ത് തീരുമാനവും എടുക്കാൻ അവകാശം അവൾക്കാണ്. അല്ലാതെ രാജ്യത്തിന്റെ താല്പര്യം തീരുമാനിക്കുന്നവർക്കുള്ളതല്ല  എന്ന് ഐശ്വവര്യ അലനും ഫേസ്ബുക്കിൽ കുറിച്ചു. 

പ്രത്യുൽപാദവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ട്. അതിൽ മറ്റാർക്കും കൈകടത്താനുള്ള അധികാരം ഇല്ല. ലിംഗസമത്വത്തിന് പ്രത്യുൽപാദന നിയമങ്ങൾ വളരെ അത്യാവശ്യമാണ്, ഗർഭനിരോധനം, ഗർഭചിദ്രം തുടങ്ങിയവ ചെയ്യാൻ സാധിക്കുന്നതിനെയാണ് പ്രത്യുൽപാദന സ്വാതന്ത്രമെന്ന് ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളിൽ മറ്റുള്ളവർ തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല എന്നിങ്ങനെയാണ് സ്ത്രീപക്ഷ സംഘടനകൾ അവകാശപ്പെടുന്നത്. എന്നാൽ എംറ്റിപി ആക്ട് പ്രകാരമുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

സ്വന്തം ശരീരത്തെക്കുറിച്ചുള്ള സ്ത്രീകളുടെ തീരുമാനങ്ങൾ വ്യക്തിപരവും സ്വകാര്യവുമാണെന്ന് സർക്കാർ അംഗീകരിക്കണം. ഗർഭച്ഛിദ്ര പരിചരണം ഉൾപ്പെടെയുള്ള ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ സ്ത്രീകൾക്ക്  സ്വയംഭരണാധികാരം അനുവദിക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് നിഖിൽ ദത്തിനു വേണ്ടി ഹാജരായ അഭിഭാഷക സ്നേഹ മുഖർജി പറയുന്നത്.