ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരത്തിന് അർഹനായത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
‘നമ്മളെ രണ്ട് തലമുറയോളം രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ഇതിഹാസമായ അമിതാഭ് ബച്ചനെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡിനായി തിരഞ്ഞെടുത്തിരിക്കുന്നു. ഈ വാര്‍ത്തയില്‍ രാജ്യമെമ്പാടുമുള്ള ആളുകൾ സന്തോഷത്തിലാണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്ന് പ്രകാശ് ജാവേദ്ക്കര്‍ ട്വിറ്ററില്‍ കുറിച്ചു.
1969ല്‍ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാത് ഹിന്ദുസ്ഥാനി’യിലൂടെയാണ് അമിതാഭ് ബച്ചന് അഭിനയരംഗത്തെത്തിയത്. അറുപത് വര്‍ഷത്തിനിടെ 190ലേറെ സിനിമകളില്‍ വേഷമിട്ടു. 76 കാരനായ ബച്ചനു നടനുള്ള ദേശീയ പുരസ്കാരം നാലു തവണ ലഭിച്ചിട്ടുണ്ട്. ഇതിനുമുൻപ് പത്മശ്രീ, പത്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി അമിതാഭ് ബച്ചനെ ആദരിച്ചിട്ടുണ്ട്. 70-80 കാലഘട്ടം മുതൽ ഇന്നും പ്രായം തളർത്തതെ അഭിനയസിംഹമായി ഇന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന പ്രതിഭാശാലിയാണ് അമിതാഭ് ബച്ചൻ.
ബച്ചൻ ഈ പുരസ്കാരം അർഹിച്ചിരുന്നുവെന്നാണ് തമിഴ് താരം രജ്നികാന്ത് ട്വിറ്റ് ചെയ്തത്. കൂടാതെ മലയാള താരങ്ങളായ പൃത്വിരാജ്, മഞ്ജു വാര്യർ എന്നിവരും ബച്ചന് പ്രശംസയുമായി എത്തി.
Content Highlights: Amitabh Bachchan got Dada Saheb Phalke award.