പാലാ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 8ന് പാലാ കാർമൽ പബ്ലിക് സ്കൂളിൽ ആരംഭിച്ചു. തുടക്കം മുതൽ എൽഡിഎഫിന്റെ മാണി സി.കാപ്പൻ ലീഡ് ചെയ്യുന്നു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. പൊതു നീരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്റെ സാന്നിധ്യത്തിലാണ് വോട്ടെണ്ണല്‍.
ഒരുമാസം നീണ്ടു നിന്ന പ്രചാരണ പരിപാടികൾക്കൊടുവിൽ സെപ്റ്റംബർ 23 നായിരുന്നു പാലായിൽ തെരഞ്ഞെടുപ്പ് നടന്നത്. 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ, യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം, എൻഡിഎ സ്ഥാനാർത്ഥി എൻ ഹരി എന്നിവരുടെ വാശിയേറിയ മത്സരമായിരുന്നു പാലായിൽ നടന്നത്. 176 പോളിങ് ബൂത്തുകളാണ് പാലാ മണ്ഡലത്തിലുള്ളത്. 1888 പുതിയ വോട്ടർമാരടക്കം 1,79,107 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.