ഹോസ്റ്റൽ വിദ്യാർത്ഥിനിയെ രോഗാവസ്ഥയിൽ തനിച്ചാക്കിയ സംഭവം; അധികൃതർക്കെതിരെ കേസെടുക്കണം എന്ന് വിദ്യാർത്ഥികൾ

എടിഎം പ്രശ്‌നം പരിഹരിക്കുന്നതിന് ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായത് എന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് ഫാക്ട് ഇൻക്വിസ്റ്റിനോട് പറഞ്ഞു.

വിക്ടോറിയ കോളേജിലെ ആദിവാസി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ വാര്‍ഡനും റെസിഡന്റ് ടീച്ചറും മടങ്ങിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട് ഡിവൈഎസ്പിക്ക് പരായി നല്‍കിയതായി കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി ഉദയാശ്വനി ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു.

സിക്കിൾ സെല്‍ അനീമിയ രോഗബാധിതയായ പെണ്‍കുട്ടി കോളേജ് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. തുടര്‍ച്ചയായി മരുന്നു കഴിക്കേണ്ട പെണ്‍കുട്ടിക്ക് എടിഎം തകാരാറു മൂലം ഒരു മാസത്തോളമായി മരുന്നു വാങ്ങാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ മരുന്നു വാങ്ങാന്‍ കഴിയാത്തതിനെക്കുറിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.

എടിഎം പ്രശ്‌നം പരിഹരിക്കുന്നതിന് ബാങ്കിനെ ബന്ധപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമാണ് ഉണ്ടായത് എന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് ഫാക്ട് ഇൻക്വിസ്റ്റിനോട് പറഞ്ഞു.

ഒരു മാസത്തോളം മരുന്ന് മുടങ്ങിയതോടെ പെണ്‍കുട്ടിയുടെ അവസ്ഥ വഷളായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ഹോസ്റ്റല്‍ വാര്‍ഡനായ ശ്രീകലയും റെസിഡന്റ് ടീച്ചറായ ഷേര്‍ളിയും സഹവാസിയായ സംഗീതയും ചേർന്ന് പാലക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ അവസ്ഥ മോശമായതുകൊണ്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് നിർദ്ദേശിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റി എന്നും എന്നാൽ അഡ്മിഷൻ നടപടികൾക്ക് പോലും കാത്തു നില്‍ക്കാതെ വന്ന ആംബുലന്‍സില്‍ തന്നെ ഇവര്‍ മടങ്ങുകയായിരുന്നു. ഒറ്റയ്ക്ക് നില്‍ക്കാനാവില്ലെന്നും ഒരാള്‍ കൂടെ നില്‍ക്കണമെന്നും അവിടെ വച്ച് പെണ്‍കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടെ നില്‍ക്കാമെന്നു തയ്യറായിട്ടും അതിനനുവദിക്കാതെ സംഗീതയെ നിര്‍ബന്ധിച്ചാണ് തിരികെ കൊണ്ടു പോകുകയാണ് ഉണ്ടായത് എന്ന് ഉദയാശ്വനി പറയുന്നു.

“സംഗീതയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും പെണ്‍കുട്ടിയെ എസ്‌ടി പ്രൊമോട്ടര്‍ നോക്കിക്കോളും” എന്നുമാണ് ഇതിനു കാരണമായി വാർഡനും ടീച്ചറും പറഞ്ഞത്. എന്നാല്‍ എസ്‌ടി പ്രൊമോട്ടര്‍ അപ്പോള്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു.

പെണ്‍കുട്ടിയുടെ അച്ഛന്‍ പാമ്പു കടിയേറ്റ് ചികിത്സയില്‍ ആയതിനാല്‍ അച്ഛനോ അമ്മക്കോ ആശുപത്രിയിലേക്കാന്‍ എത്താന്‍ സാധിക്കുമായിരുന്നില്ല . പെണ്‍കുട്ടിയുടെ സഹോദരനാണ് ആശുപത്രിയിലേക്ക് വരേണ്ടിയിരുന്നത്.
സഹോദരനെ കാത്തു നിൽക്കാതെ തന്നെ ആശുപത്രിയില്‍ എത്തിച്ചവര്‍ മടങ്ങിപ്പോയിരുന്നു.

പിന്നീട് ടീച്ചര്‍മാർ രണ്ടു വിദ്യാര്‍ത്ഥികളുമായി ആശുപത്രിയിലേക്ക് പോവുകയും അവർ വെള്ളിയാഴ്ച രാവിലെ ഒമ്പതര വരെ ആശുപത്രിയില്‍ ഉണ്ടായിരുന്നതായും ഹോസ്റ്റല്‍ റെസിഡന്റ് ടീച്ചറായ ഷേര്‍ലി അവകാശപ്പെട്ടു. നിലവില്‍ റെസിഡന്റ് ടീച്ചറുടെ ചുമതല തനിക്കില്ല എന്നാണ് ഷേര്‍ലി പറയുന്നത്. എസ്ടി പ്രൊമോട്ടറെ കൃത്യമായി വിവരം അറിയിച്ചിരുന്നു എന്നും ആവശ്യമായ ചികിത്സകൾക്ക് ശേഷം വിദ്യാർത്ഥിനിയുടെ അവസ്ഥ മെച്ചപ്പെട്ടതിന് ശേഷമാണ് തങ്ങൾ തിരിച്ചു വന്നതെന്നും ഷേര്‍ലി ഫാക്ട് ഇന്‍ക്വസ്റ്റിനോട് പറഞ്ഞു.

എന്നാൽ പ്രശ്നം രൂക്ഷമായതിനെ തുടർന്നാണ് റെസിഡൻ്റെ ടീച്ചർ ചുമ്മതലയിൽ നിന്ന് ഷേർലിയെ മാറ്റിയത് എന്നാണ് കിട്ടിയ വിവരം.

അതേസമയം ഹോസ്റ്റല്‍- കോളേജ് അധികൃതര്‍ ആരും വിളിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതരാണ് കുട്ടിയെ അഡ്മിറ്റ് ചെയ്തിട്ടുണ്ടെന്നും പ്രവേശിപ്പിച്ചവർക്ക് ഉടൻ തിരിച്ചു പോകേണ്ടതുണ്ടെന്നുമുള്ള വിവരം അറിയിച്ചതെന്നും എസ്ടി പ്രൊമോട്ടറായ ബിനീഷ് ഫാക്ട്ഇന്‍ക്വസ്റ്റിനോട് പറഞ്ഞു.

അവരെ ഇപ്പോള്‍ പോകാന്‍ അനുവദിക്കരുതെന്നും വിദ്യാർത്ഥിനിയുടെ കൂടെ ആള്‍ ഉണ്ടാവണമെന്നും താന്‍ എത്തുന്നത് വരെ അവരെ ബൈസ്റ്റാൻഡറാക്കണം എന്നും ആവശ്യപ്പെട്ടിരുന്നതായി ബിനീഷ് പറയുന്നു. എന്നാല്‍ ഹോസ്റ്റല്‍ അധികൃതര്‍ കാത്തു നിൽക്കുകയോ ആരും തന്നെ ഒരിക്കല്‍പ്പോലും വിളിക്കുകയോ ചെയ്തിട്ടില്ല എന്നും അദ്ദേഹം പറയുന്നു. വെള്ളിയാഴ്ച ഒരുമണി വരെ രോഗിയുടെ കൂടെ ആശുപത്രിയില്‍ ഉണ്ടായിരുന്നതായും കോളേജ് വൈസ് പ്രിന്‍സിപ്പാലും ചില വിദ്യാർത്ഥികളും വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയില്‍ എത്തിയിരുന്നുതായും രാവിലെ വരെ അവര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നതായും ബിനീഷ് കൂട്ടി ചേർത്തു.

എന്നാല്‍ ഹോസ്റ്റല്‍ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് വൈസ് പ്രിന്‍സിപ്പാലും കൂട്ടരും ആശുപത്രിയിലെത്തിയത് എന്നാണ് ഉദയാശ്വനി ഫാക്ട്ഇന്‍ക്വസ്റ്റിനോട് ആരോപിക്കുന്നത്. സംഭവം നടന്ന രാത്രി ഹോസ്റ്റൽ വാര്‍ഡന്‍ ആശുപത്രി ചിലവിനായി നല്‍കിയ 2000 രൂപയുടെ പേരിലും തര്‍ക്കം ഉണ്ടാതായും പറയുന്നു. ഹോസ്റ്റല്‍ വാര്‍ഡനായ ശ്രീകലയോ ഹോസ്റ്റല്‍ റെസിഡന്റ് ടീച്ചറായ ഷേര്‍ലിയോ ആരും തന്നെ വിദ്യാർത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ച് പ്രിന്‍സിപ്പലിനെയോ വൈസ് പ്രിന്‍സിപ്പലിനേയോ അറിയിക്കാത്തതും അനാസ്ഥയാണ്.

ഒരു ജീവന്‍ രക്ഷിച്ചു എന്നതിൽ കൂടുതല്‍ ഒന്നും തനിക്ക് പറയാനില്ലെന്നും മറ്റൊന്നും ഇതുമായി ബന്ധപ്പെട്ട് പറയാനില്ല എന്നുമാണ് ഹോസ്റ്റല്‍ വാര്‍ഡനായ ശ്രീകല
ഈ കാര്യത്തിൽ ഫാക്ട്ഇൻക്വസ്റ്റിനോട് പ്രതികരിച്ചത്.

നിലവില്‍ വിദ്യാർത്ഥിയുടെ എന്‍ഡോസ്‌കോപ്പി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി അധികൃതർ. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ഡിവൈഎസ്പിക്ക് എസ്‌സി/ എസ് ടി (പ്രിവന്‍ഷന്‍ ഓഫ് ആട്രോസിറ്റി)ആക്ട് 1989 പ്രകാരം കേസെടുക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനെതിരെയും ഹോസ്റ്റല്‍ അധികൃതര്‍ക്കെതിരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധമുണ്ടായി.

Content Highlights: Victoria college hostel girl with sickle cell anemia left alone in the hospital; students complaint against authorities.