പാമ്പാടി നെഹ്റു കോളേജിലെ വിദ്യാത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണം കൊലപാതകമല്ല ആത്മഹത്യയാണെന്ന് സി.ബി.ഐ. ഇതു സംബന്ധിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രതിപ്പട്ടികയിൽ നിന്നും നെഹ്റു ഗ്രൂപ്പ് ചെയർമാൻ കൃഷ്ണദാസിനെയും ഒഴിവാക്കി. കൃഷ്ണദാസിനെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തിലുള്ളത്. കോളേജിലെ വൈസ് പ്രിൻസിപ്പാൾ എൻ ശക്തിവേൽ, ഇൻവിജിലേറ്റർ പ്രവീൺ എന്നിവർക്കെതിരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരിക്കുന്നത്. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
എന്നാൽ, കൃഷ്ണദാസിനെ പ്രതിപ്പട്ടികയിൽ നിന്നും സിബിഐ ഒഴിവാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജിഷ്ണുുവിന്റെ അമ്മ മഹിജയും അമ്മാവൻ ശ്രീജിത്തും പറഞ്ഞു. കൃഷ്ണദാസ് അറിയാതെ കോളേജിൽ ഒന്നും നടക്കില്ലെന്നും കോപ്പിയടിക്കാത്ത ജിഷ്ണുുവിനെ കോപ്പിയടിച്ചെന്നാരോപിച്ച് മർദ്ദിക്കുകയായിരുന്നുവെന്നും ജിഷ്ണുുവിന്റെ അമ്മ മഹിജയും പറഞ്ഞു.