യുവതീ പ്രവേശന വിധിയുടെ പേരിൽ ഭീഷണികൾ ഉണ്ടായെന്ന് വെളുപ്പെടുത്തി ജസ്റ്റിസ് ചന്ദ്രചൂഢ് 

sabarimala women verdict vs justice d y chandrachood

ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന വിധി പ്രസ്താവിച്ച് ഒരു വർഷം പിന്നിടുമ്പോൾ തനിക്ക് ലഭിച്ച ഭീഷണികളെക്കുറിച്ച് വെളിപ്പെടുത്തുകയാണ് വിധി പ്രഖ്യാപന ഭരണഘടനാ ബഞ്ചിലൊരാളായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്. 2018 സെപ്തംബർ 28 നാണ് ആരാധനാ സ്വാതന്ത്ര്യത്തിലടക്കം ലിംഗനീതി വേണമെന്ന് പ്രഖ്യാപിച്ചു കൊണ്ട് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് സുപ്രധാന വിധി പുറപ്പെടുവിക്കുന്നത്. 

എന്നാൽ ഇത് മത, സാമുദായിക സംഘടനകളുടെ കടുത്ത പ്രതികരണങ്ങളാൽ കേരളത്തെ കലാപത്തോളം എത്തിക്കുകയാണ് ചെയ്തത്. വിധിയ്ക്ക് ശേഷം തനിയ്ക്ക് ലഭിച്ചത് മോശമായ ഭാഷയിലുള്ള നിരവധി ഭീഷണികളാണെന്നും പുരോഗമനപരമായി ചിന്തിക്കുന്നെന്ന് കരുതപ്പെടുന്ന കേരളം ഇത്തരത്തിൽ പ്രതികരിച്ചത് ന്യായാധിപരെപ്പോലും അത്ഭുതപ്പെടുത്തിയെന്നുമാണ് ജസ്റ്റിസ് ചന്ദ്രചൂഢ് വെളിപ്പെടുത്തുന്നത്.എക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ വെളിപ്പെടുത്തൽ. സാമൂഹ്യമാധ്യമങ്ങളിൽ ഇനി അക്കൗണ്ടുകൾ തുടങ്ങരുത്, ഭയപ്പെടുത്തുന്ന ഭീഷണികളാണ് വരുന്നതെന്ന്  വിധി വന്ന ശേഷം തന്റെ ഇൻടേൺസും, ക്ലർക്കുമാരും അടക്കമുള്ളവർ പറഞ്ഞുവെന്ന് അദ്ദേഹം തുറന്നു പറയുന്നു.

എന്നാൽ വിധിയിൽ ഉറച്ചു നിൽക്കുന്നുവെന്നും  എതി‍ർപ്പുകളോടും ബഹുമാനമാണെന്നും, ഭീഷണികളോ പൊതു വികാരമോ അടിസ്ഥാനപ്പെടുത്തി ഒരിക്കലും വിധിന്യായങ്ങൾ പുറപ്പെടുവിയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ജസ്റ്റിസ് വ്യക്തമാക്കുന്നു.

Content Highlights: Justice Chandarchud reveals that he got threats in the name of the admission of young ladies in Sabarimala.