ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും; കുമ്മനം രാജശേഖരന്‍

kummanam rajasekharan

ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ശബരിമല വിഷയമെന്നും കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും കുമ്മനം പറഞ്ഞു.

ഒന്നോ രണ്ടോ വിഷയങ്ങളിൽ മാത്രമല്ല ജനങ്ങളെ ബാധിക്കുന്ന എല്ലാ തരം പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം എന്നതാണ് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം. അതേസമയം കോന്നിയിലേയും മഞ്ചേശ്വരത്തെയും എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണെന്നും കുമ്മനം പറഞ്ഞു. കൂടാതെ വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കഴക്കൂട്ടത്ത് നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണെന്നും പ്രതിയോഗിയെ വെട്ടാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും കുമ്മനം രാജശേഖന്‍ ആരോപിച്ചു. കടകംപള്ളി നടത്തിയത് അദ്ദേഹത്തിന്റെ സ്ഥാനം സുരക്ഷിതമാക്കാനുള്ള നീക്കമാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.