കോടതിയലക്ഷ്യ നടപടിയില്‍ 2320 താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിട്ട ശേഷം നിലവില്‍ കെഎസ്ആര്‍ടിസി അരക്ഷിതാവസ്ഥയിലാണ്. വ്യാഴാഴ്ചയോടെ 800ഓളം ബസുകള്‍ ഡ്രൈവര്‍മാരുടെ കുറവുമൂലം മുടങ്ങിയതോടെ യാത്രാ പ്രതിസന്ധി കടുത്ത അവസ്ഥയിലാണ്.
വരും ദിവസങ്ങളിലെങ്കിലും ബദല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സര്‍വ്വീസുകള്‍ ഇനിയും മുടങ്ങുകയും യാത്രാപ്രതിസന്ധി നേരിടുമെന്നും ഉറപ്പാണ്.
ഇന്ന് മാത്രം ഏകദേശം 1200ഓളം സര്‍വ്വീസുകള്‍ മുടങ്ങുമെന്നാണ് സൂചന. ഡ്രൈവര്‍മാരുടെ ഗണ്യമായ കുറവ് ഹ്രസ്വദൂര ബസുകള്‍ക്കാണ് തിരിച്ചടിയായി മാറുന്നത്. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ നിര്‍ത്തി ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓടിക്കാനുള്ള കെഎസ്ആര്‍ടിസിയുടെ ശ്രമം തെക്കന്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ഗ്രാമീണ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാക്കുകയാണ്.
സ്ഥിരം വരുമാനം കുറവായ മേഖലകളില്‍ 1482 താത്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടി ഒഴിവാക്കിയത്. ഇത് മറികടക്കാന്‍ ബസുകള്‍ റദ്ദാക്കുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിശദീകരണം.
പിഎസ്‌സി വഴി മാത്രമേ ഇനിമുതല്‍ കെഎസ്ആര്‍ടിസി സ്ഥിരനിയമനം പാടുള്ളൂ എന്നാണ് കോടതിയുടെ വിധി. എന്നാല്‍ ആവശ്യമെങ്കില്‍ നിയമവിധേയമായി താത്കാലിക നിയമം നടത്താമെന്നും കോടതി വിധിയില്‍ പറയുന്നു. അതേസമയം എംപാനല്‍ഡ് ഡ്രൈവര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയതായി വ്യാഴാഴ്ച കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി കഴിഞ്ഞു.
നിയമാനുസൃതമായ കരാര്‍ നിയമനമാണ് പ്രതിസന്ധി മറികടക്കാന്‍ മുന്നിലുള്ള മാര്‍ഗം. ഇതിനുള്ള ബദല്‍മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചു കഴിഞ്ഞു. എന്നാല്‍ കേസില്‍ നിയമപരമായ സാധ്യതകള്‍ കുറവാണ് എന്നതാണ് മറ്റൊരു വസ്തുകത.
സ്ഥിരനിയമനത്തിന് പിഎസ്‌സി പട്ടിക നിലവില്‍ ഇല്ല. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ സ്ഥിരനിയമനം സാധ്യമല്ലെന്നും മാനേജമെന്റ് നിലപാട് കടുപ്പിക്കുമ്പോള്‍ ഇക്കഴിഞ്ഞ ഓണത്തിന് മാത്രം 8.32 കോടിയുടെ റെക്കോര്‍ഡ് വരുമാനം നേടിയ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ മുടങ്ങി പ്രതിസന്ധിയില്‍ തുടരുകയാണ്. സെപ്തംബറോടെ ശമ്പളവും മുടങ്ങിയതോടെ ഇനി എന്ത് എന്ന ആശങ്കയിലാണ് കെഎസ്ആര്‍ടിസിയും ഡ്രൈവര്‍മാരും.
Content Highlights: KSRTC services may interrupt due to driver shortage.