രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ചലച്ചിത്ര-സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. രാമചന്ദ്രഗുഹ, മണിരത്‌നം, അപര്‍ണ സെന്‍ തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് കേസ്. ജയ്ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള അക്രമങ്ങളും ആള്‍ക്കൂട്ടകൊലപാതകങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആശങ്കയറിയിച്ച് ഇവര്‍ മോദിക്ക് തുറന്നകത്ത് എഴുതിയത്. എന്നാല്‍ കേസെടുത്തതിനെക്കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു.
ഹിന്ദുമഹാസഭ നല്‍കിയ പരാതിയില്‍ മുംബൈയിലെ സദര്‍ പൊലീസാണ് കേസെടുത്തതെന്നാണ് റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി അന്വേല്‍ണത്തിന് ഉത്തരവിടുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പരാതിയിന്മേലുണ്ടായ ഉത്തരവിനെത്തുടര്‍ന്നാണ് സദര്‍ പൊലീസ് കേസെടുത്തതെന്ന് ഓജ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
രാജ്യദ്രോഹം പ്രവര്‍ത്തിച്ചു, സമാധാനം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മതവികാരം വ്രണപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് കത്തയച്ച പ്രമുഖര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ജയ് ശ്രീറാം പോര്‍വിളിയായി മാറിയെന്നും മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്കയുണ്ടെന്നും കാണിച്ചു ജൂലൈയിലാണു 49 പ്രമുഖര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.