മഞ്ഞളിൽ അപകടകരമായ അളവിൽ ഈയം ചേർക്കുന്നുവെന്ന് പഠനങ്ങൾ

നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഭക്ഷണത്തിനും ഔഷധത്തിനുമായി ഇന്ത്യക്കാര്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഉല്പന്നമാണ് മഞ്ഞള്‍. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍ എന്ന് പല പഠനങ്ങളും തെളിയിക്കുകയും ചെയ്തിരിന്നു.

എന്നാൽ ഇന്ന് മാർക്കറ്റുകളിൽ ലഭ്യമാകുന്ന മഞ്ഞളും മഞ്ഞൾപ്പൊടിയുമെല്ലാം എത്രമാത്രം സുരക്ഷിതമാണോ എന്ന കാര്യത്തിൽ സംശയമാണ്. മഞ്ഞളിൽ അപകടകരമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ലെഡ്, ക്രോമിയം എന്നിവ അടങ്ങിയ ഒരു രാസസംയുക്തമായ ലെഡ് ക്രോമേറ്റ് അഥവാ ഈയം. വസ്തുക്കളുടെ നിറം കൂട്ടാൻ ഉപയോഗിക്കുന്ന ഈ ചായക്കൂട്ട്  ഒരു വിഷ പദാർഥമാണ് എന്നതാണ് സത്യം.

Related image

ഇത് കഴിക്കുകയോ ശ്വസിക്കുകയോ ചെയ്യുന്നത് നാഡീവ്യവസ്ഥ തകരാറിലാകാനോ നശിക്കാനോ കാരണമാകുന്നു. അതുകൊണ്ടുതന്നെയാണ് കുറഞ്ഞ അളവിൽപോലും ഈയം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബംഗ്ലാദേശിലെ പല മഞ്ഞളുല്പാദന കേന്ദ്രങ്ങളിലും മഞ്ഞളിന് നിറം കൂട്ടാനായി ഈയം ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ കണ്ടെത്തിയത്.

സുഗന്ധവ്യഞ്ജനങ്ങളിൽ മായം ചേർക്കുന്നത്  അസാധാരണമല്ല എങ്കിലും ഇത്തരത്തിൽ ആളുകളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്ന കാര്യങ്ങൾ ഗൌരവമായി തന്നെ ചർച്ചചെയ്യേണ്ടിയിരിക്കുന്നു. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് വുഡ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റിലെ ഒരു സംഘം ബംഗ്ലാദേശിൽ നടത്തിയ പഠനങ്ങളിൽ നിന്നുമാണ് മഞ്ഞളിൽ വൻതോതിൽ ഈയം ചേർക്കുന്നതായി  കണ്ടെത്തിയത്. 

എൻ‌വയോൺ‌മെൻറൽ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനഫലങ്ങളിൽ നിന്നും ആളുകളുടെ രക്തത്തിലെ ലെഡിന്റെ അളവ് കൂടുന്നതിന് കാരണം ഇത്തരത്തിൽ ലെഡ് ചേർത്ത മഞ്ഞളുപയോഗമാണെന്നാണ് തെളിഞ്ഞത്. വിതരണ ശൃംഖലയിലുടനീളം മഞ്ഞളിൽ ഇത്തരത്തിൽ മായം ചേർക്കുന്നണ്ടെന്നാണ്  ബംഗ്ലാദേശിലെ ഒമ്പത് ജില്ലകളിലായി 152 തൊഴിലാളികളുമായി നടത്തിയ അഭിമുഖത്തിൽ നിന്നും വ്യക്തമായത്. 

ഈ രീതി ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമായതുകൊണ്ടുതന്നെ ഇത് തടയേണ്ടതും അത്യാവശ്യമാണ്. പക്ഷേ നിലവിലുള്ള ഭക്ഷ്യ സുരക്ഷാ പരിശോധനകളിൽ നിന്നും ലോകമെമ്പാടും വ്യാപാരം ചെയ്യപ്പെടുന്ന മായം കലർന്ന മഞ്ഞളിന്റെ ഒരു അംശം മാത്രമേ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന ആശങ്കയും ഗവേഷകർ പങ്കുവെയ്ക്കുന്നു. 

ആളുകളിൽ വിഷ പദാർഥങ്ങളെപ്പറ്റിയുള്ള അറിവുണ്ടാക്കിയെടുക്കേണ്ടതും മലിനമായ ഭക്ഷണം കഴിക്കുന്ന ഉപഭോക്തൃ സ്വഭാവം മാറ്റിയെടുക്കേണ്ടതുമായ സമയം അതിക്രമിച്ചിരിക്കുന്നു. ആളുകളെ ആകർഷിക്കുന്നതിനായി ഇത്തരത്തിൽ നിറം ചേർത്ത മഞ്ഞൾ വാങ്ങി ഉപയോഗിക്കാതിരിക്കുകയാണ് ആരോഗ്യം നഷ്ടമാകാതിരിക്കുന്നതിനുള്ള മാർഗവും. 

Content Highlights: Studies revealed turmeric contains dangerous levels of lead.