നോയിഡയിൽ 21 കാരിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം എട്ടാം നിലയിലെ ഫ്ലാറ്റിൽ നിന്ന്  15കാരൻ ചാടി മരിച്ചു

teenager-jumps-to-death-from-8th-floor-flat-after-stabbing-21-year-old-woman-in-noida

21 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം 15 കാരന്‍ ഫ്‌ളാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടി ജീവനൊടുക്കി. നോയിഡയിലെ സെക്ടര്‍ 61 ല്‍ വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും 15 കാരനെ രക്ഷിക്കാനായില്ല.

വൈകിട്ട് അഞ്ചോടെ ആണ്‍കുട്ടി തന്റെ ഫ്‌ലാറ്റിലേക്ക് വന്നെന്നും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും കുത്തേറ്റ് വേദനകൊണ്ട് കരഞ്ഞ തന്നെ പൂട്ടിയിട്ടുവെന്നും യുവതി പോലിസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടി എത്തി വാതില്‍ തുറന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റൊരു മുറിയില്‍ കയറിയ 15 കാരന്‍ വാതില്‍ അകത്തുനിന്ന് പൂട്ടി കെട്ടിടത്തിന്റെ എട്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയത്.

സംഭവത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, പ്രാഥമികാന്വേഷണം പുരോഗമിക്കുകയാണെന്നും നോയ്ഡ എസ്.എസ്.പി വൈഭവ് കൃഷ്ണ അറിയിച്ചു.