ചായകുടിക്കാതെ ഒരു ദിവസം ആരംഭിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ പോലും വയ്യാത്തവരാണ് നമ്മളിൽ പലരും. അതുതന്നെയാണ് ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പാനീയങ്ങളിൽ ഒന്നായി ചായ മാറിയിരിക്കുന്നതിന്റെ കാരണവും. ചായയിൽ തന്നെ പല പരീക്ഷണങ്ങൾ നടത്തി ഉപയോഗിക്കുന്നതും പതിവ് കാഴ്ച തന്നെ. ഇഞ്ചി, ഏലം തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന ചായ ഇഷ്ടപ്പെടുന്നവരും ഏറെയാണ്.
ഇത്തരത്തിലുള്ള എല്ലാ ചായ പ്രേമികൾക്കും സന്തോഷം പകരുന്ന പഠനങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വൈജ്ഞാനിക കഴിവുകളും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പാനീയമാണ് ചായ എന്നാണ് ഇംപാക്റ്റ് ജേണൽസ് എൽഎൽസി ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
അതായത് ചായയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ വൈജ്ഞാനിക കഴിവുകൾ നിലനിർത്തുന്നതും വൈജ്ഞാനിക തകർച്ച തടയുന്നതുമായി ബന്ധപ്പെട്ടവയാണെന്നാണ് കണ്ടെത്തൽ. പുരാതന കാലം മുതലേ ചായ ഒരു ജനപ്രിയ പാനീയമാണെന്നാണ് ചൈനയിലെ ഷെൻ നോങ് രാജവംശത്തിന്റെ ചായ ഉപയോഗ ചരിത്രങ്ങളിൽ നിന്നു പോലും മനസിലാകുന്നതെന്ന് ബീജിംഗിലെ സിൻഹുവ സർവകലാശാലയിലെ പ്രമുഖ ഗവേഷകനായ ഡോ. ജുൻഹുവ ലി പറയുന്നു.
ആരോഗ്യവാന്മാരായ പ്രായമുള്ള ആളുകളുടെ ചായ കുടിക്കുന്നതിന്റെ ആവൃത്തി വിശകലനം ചെയ്തശേഷം അവരുടെ മസ്തിഷ്ക ഘടനയുടെ പ്രവർത്തനപരവും ഘടനാപരവുമായ ശൃഖലയിൽ ചായ കുടിക്കുന്നതിന്റെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണങ്ങൾ നടത്തുകയുമാണ് പഠനത്തിലൂടെ ചെയ്തത്. സാവധാനത്തിൽ ആരംഭിക്കുകയും കാലക്രമേണ വഷളാവുകയും ചെയ്യുന്ന അൽഷിമേഴ്‌സ് രോഗത്തെ പ്രതിരോധിക്കാനും ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്നും പഠനത്തിൽ കണ്ടെത്തി.
ചായയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ:
- ചായയിലുള്ള കഫീൻ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിച്ച് ജാഗ്രത വർദ്ധിപ്പിക്കുകയും ഉറക്കം കുറയ്ക്കുകയും ചെയ്യുന്നു.
- ചായയിൽ അടങ്ങിയിരിക്കുന്ന തിയോഫിലിൻ എന്ന സംയുക്തം, വായു സഞ്ചാര ഭാഗങ്ങളിലെ പേശികൾക്ക് വിശ്രമം നൽകുകയും ശ്വസിക്കാൻ സഹായിക്കുകയും ഹൃദയമിടിപ്പിന്റെ തോതും ശക്തിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
- ഇതിലടങ്ങിയിക്കുന്ന തിയോബ്രോമിൻ, രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
- എൽ-തിനൈൻ, അലേർട്ട് റിലാക്സേഷനുമായി ബന്ധപ്പെട്ടിരിക്കുന്ന തലച്ചോറിലെ ആൽഫ തരംഗങ്ങളുടെ രൂപീകരണം വർദ്ധിപ്പിക്കുന്നു.