കള്ളപ്പണം തടയുന്നതിനായി നോട്ടു നിരോധനം ഏർപ്പെടുത്തിയത് പോലെ കൈവശം വെയ്ക്കാവുന്ന സ്വർണത്തിനു പരിധി ഏർപ്പെടുത്തുന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. നോട്ടു നിരോധനത്തിനു ശേഷം കള്ളപ്പണം തടയുന്നതിന്റെ അടുത്തപടിയായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. കളളപ്പണം ഉപയോഗിച്ച് സ്വർണം വാങ്ങുന്നത് തടയുകാണ് പദ്ധതിയുടെ ലക്ഷ്യം.
നിശ്ചിത പരിധിയിൽ കൂടുതൽ കൈവശം വയ്ക്കുന്ന സ്വർണം സംബന്ധിച്ച എല്ലാ വിവരങ്ങളും സമർപ്പിക്കുന്ന രീതിയിലാണ് നിയമം നടപ്പിലാക്കുക. പദ്ധതിയിലൂടെ, പരിധിയിൽ കവിഞ്ഞ കണക്കിൽപെടാത്ത സ്വർണം വെളിപ്പെടുത്താനും, വെളുപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിനനുസരിച്ച് നികുതി നൽകാനും വ്യക്തികളെ അനുവദിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി, പദ്ധതി പ്രകാരം നിശ്ചയിക്കും.
കണക്കിൽപ്പെടാത്ത സ്വർണം സൂക്ഷിക്കുന്നവരിൽ നിന്ന് കർശനമായി പിഴ ഈടാക്കുകയും ചെയ്യും. ഇതിനായി ഈ സാമ്പത്തിക വർഷത്തിൽ തന്നെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചേർന്ന് ‘ഗോൾഡ് ബോർഡ്’ രൂപികരിക്കും.