കല്ലട ബസ്സില്‍ വീണ്ടും പീഡനശ്രമങ്ങൾ തുടർക്കഥയാകുന്നു

തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്ക് പോവുകയായിരുന്ന കല്ലട ബസ്സില്‍ യുവതിക്ക് നേരെ വീണ്ടും പീഡനശ്രമം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കോട്ടയ്ക്കലിനടുത്താണ് സംഭവം നടന്നത്. സംഭവത്തില്‍ കാസര്‍ഗോഡ് കുടലു സ്വദേശിയായ മുനവറിനെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സിനുള്ളില്‍ ഉറങ്ങുകയായിരുന്ന യുവതിയെ മുനവര്‍ കടന്നുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി ഇയാളുടെ കൈയില്‍ കടന്നുപിടിച്ച്‌ ബഹളം വെയ്ക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് സഹയാത്രക്കാര്‍ മുനവറിനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. യുവതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബസ് കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് വിടുകയും യുവതി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിൽ യാത്രക്കാരി സമയോചിതമായി പ്രതികരിച്ചതു കൊണ്ടാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ‘ആദ്യം സ്വപ്നമാണ് എന്നാണ് കരുതിയത്. എഴുന്നേറ്റ് നോക്കുമ്പോഴാണ് പ്രതി തന്‍റെ ശരീരത്തില്‍ പിടിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയാളെ തള്ളിമാറ്റി, ബഹളം വയ്ക്കുകയായിരുന്നു. താന്‍ അപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ ലൈവ് ചെയ്തിരുന്നെന്നും, ഫോണ്‍ കണ്ടപ്പോള്‍ പ്രതി ക്ഷമ ചോദിച്ചെന്നു ന്നും’ യുവതി പ്രതികരിച്ചു.

കഴിഞ്ഞ ജൂണിൽ കല്ലട ട്രാവൽസിന്‍റെ മറ്റൊരു ബസില്‍ യാത്രക്കാരിക്ക് നേരെ ബസ് ജീവനക്കാരൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചിരുന്നു. സംഭവത്തിൽ ഇയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചിരുന്നു.

Content highlight; rape attempt in kallada bus