പാര്‍ലമെൻറ് ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടുന്നതാണ് ഗീലാനിക്കുള്ള നീതി’; അരുന്ധതി റോയ്

Arundhati Roy

പാർലമെൻറ് ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടിയാൽ മാത്രമെ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ എസ്.എ.ആര്‍ ഗീലാനിക്ക് നീതി ലഭിക്കുകയുള്ളു എന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. നീതിക്ക് വേണ്ടി നിര്‍ഭയം നിലകൊണ്ട വ്യക്തിയായിരുന്നു ഗീലാനിയെന്ന് സി.എ.എസ്.ആര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ അഭിപ്രായപ്പെട്ടു.

‘ഭീകരവാദ സംഘടനയുമായി ഒരു ബന്ധവുമില്ലെങ്കിലും പൊതു മനഃസാക്ഷിയെ തൃപ്തിപെടുത്താന്‍ വധശിക്ഷ വിധിക്കുന്നുവെന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ അവര്‍ പറഞ്ഞത്. നമുക്ക് ഇപ്പോഴും അറിയില്ല പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അത് നാം ഒരിക്കലും മറക്കരുതെന്നും’ അരുന്ധതി റോയി പറഞ്ഞു.

എല്ലാം നഷ്ടപ്പെട്ട നിമിഷത്തിലും കൂടെയുണ്ടായിരുന്നത് ഗീലാനിയായിരുന്നുവെന്ന് മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ഭാര്യ വസന്ത കുമാരി പറഞ്ഞു.

കുറ്റവിമുക്കനാക്കപ്പെട്ട സഹതടവുകാരന്‍ യാസീന്‍ പട്ടേല്‍, ഡോക്യുമെന്ററി സംവിധായകന്‍ സഞ്ജയ് കക്ക്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബു, ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് പ്രസിഡന്റ് നന്ദിത നരൈന്‍, സര്‍വകലാശാല മുന്‍ അധ്യാപകന്‍ മധുപ്രസാദ് എന്നിവരും അനുസ്മരണത്തില്‍ പങ്കെടുത്തു.

Content Highlight: Arundhati Roy on Parliament attack