പേഴ്സ് നിറയെ പലവിധ കാര്‍ഡുകൾക്ക് പരിഹാരമായി ‘ഒരു രാജ്യം, ഒരു കാര്‍ഡ്’ എന്നത് കേരളത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുന്നു. ബാങ്കും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. കാര്‍ഡ് രൂപകല്പനചെയ്ത് എസ്.ബി.ഐ. സര്‍ക്കാരിന് സമര്‍പ്പിച്ചു.
സര്‍ക്കാരിൻറെ അനുമതി കിട്ടിയാലുടന്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് നല്‍കുമെന്ന് എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു. ഗതാഗതവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാലിനാണ് കാര്‍ഡിന്റെ മാതൃക കൈമാറിയത്. ഉടന്‍ തന്നെ ഇത് പ്രയോഗത്തില്‍ വരുത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായും മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു.
ഡ്രൈവിങ് ലൈസന്സായും, എ.ടി.എം. കാര്‍ഡായും ഒപ്പം റേഷന്‍ കാര്‍ഡിൻറെ വിവരങ്ങള്‍ ചേര്‍ത്താല്‍ റേഷന്‍കടകളില്‍ കാര്‍ഡായും പണം നല്‍കാനും ഉപയോഗിക്കാം. 2000 രൂപവരെ കരുതാവുന്ന വാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നതിനാൽ മെട്രോയിലോ ബസ്സിലോ ടിക്കറ്റെടുക്കുന്നതുള്പ്പടെയുള്ള സേവനങ്ങള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡാക്കാം. സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റുസേവനങ്ങളും ഈ ഒറ്റ കാര്‍ഡ് ഉപയോഗിച്ച് നടത്താം.
ഒറ്റ നോട്ടത്തിൽ ഈ കാർഡിൻറെ മുന്‍വശം ഡ്രൈവിങ് ലെസന്സിേൻ്റേതുപോലെയും മറുവശം എ.ടി.എം കാര്‍ഡിൻ്റേയും പോലെയാണ്. ഡിജിറ്റല്‍ പണമിടപാടിന് പ്രോത്സാഹനം നൽകുന്ന രീതിയിലാണ് പുതിയ കാർഡിൻറെ രൂപകൽപ്പന. പല കാര്‍ഡുകള്‍ക്കുപകരം ഒരു കാര്‍ഡെന്ന ആശയം കേന്ദ്ര സർക്കാരാണ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡിന് (എന്‍.സി.എം കാര്‍ഡ്) രൂപം നല്കി. നാഗ്പുര്‍, നാസിക് മെട്രോകളിലും പാര്‍ലമെൻ്റില്‍ എം.പി.മാര്‍ക്കും എസ്.ബി.ഐ ഇത്തരം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഇതിൻറെ മാതൃക പിന്തുടര്ന്ന് മറ്റുസേവനങ്ങളും കൂടി ഉള്‍പ്പെടുത്താവുന്ന കാര്‍ഡാണ് കേരളത്തില്‍ എസ്.ബി.ഐ തയ്യാറാക്കിയത്.
Content Highlights: one nation one card soon to be released in Kerala