പ്രസവം നിര്‍ത്താന്‍ സ്ത്രീക്ക് തീരുമാനം എടുക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥിതി ചൂണ്ടിക്കാട്ടി എഴുത്തുകാരി

S. Saradakkutty

പട്ടിണി സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പെറ്റമ്മ തന്റെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിനു പിന്നാലെ പ്രസവം നിര്‍ത്താന്‍ സ്ത്രീക്ക് ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയാത്ത നിയമ വ്യവസ്ഥിതി ചൂണ്ടിക്കാട്ടി എഴുത്തുകാരി ശാരദകുട്ടി.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്.  ഈ സാക്ഷര കേരളത്തില്‍ എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ലേ എന്ന ചോദ്യമാണ് എഴുത്തുകാരി ശാരദകുട്ടി സമൂഹത്തിനു മുന്നില്‍ ഉയര്‍ത്തുന്നത്. പ്രസവം നിര്‍ത്താന്‍ സ്ത്രീക്ക് ഒറ്റക്ക് തീരുമാനം എടുക്കാന്‍ കഴിയാതെ പോവുന്ന നിയമ വ്യവസ്ഥിതി ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശാരദക്കുട്ടി ഇക്കാര്യം അറിയിച്ചത്.

പോസ്ററിൻറെ പൂർണ്ണ രൂപം

പെറ്റുപെറ്റു സഹികെട്ട അമ്മമാരുള്ള നാടാണ് കേരളവും.’ഭർത്താവും വീട്ടുകാരുമറിയണ്ട, പ്രസവമൊന്നു നിർത്തിത്തരുമോ’ എന്ന് നാലാമത്തെ പ്രസവത്തിനു ശേഷം കരഞ്ഞ് ഡോക്ടറോടു പറഞ്ഞ ഒരമ്മയെക്കുറിച്ച് എന്നോട് ഒരു ഗൈനക്കോളജിസ്റ്റ് പറഞ്ഞതാണ്. ‘എനിക്കു വയ്യാതായി, അവരാരും സമ്മതിച്ചിട്ടതു നടക്കില്ല’ എന്നാണത്രേ ആ 24 കാരി കരഞ്ഞുപറഞ്ഞത്. ഭർത്താവിന്റെ ഒപ്പു വേണമത്രേ പ്രസവം നിർത്തുവാൻ.

എപ്പോൾ പ്രസവിക്കണമെന്നും എപ്പോൾ പ്രസവം നിർത്തണമെന്നും സ്ത്രീകൾക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷര കേരളത്തിലും എന്നത് നമ്മെ അമ്പരപ്പിച്ചു തുടങ്ങിയിട്ടില്ല ഇനിയും. ആരോഗ്യമന്ത്രി ശൈലജ ടീച്ചർ അവകാശബോധ്യങ്ങളുള്ള ഒരു സ്ത്രീയായതുകൊണ്ടു വേദനയോടെ പറയുകയാണ്, നമ്മൾ ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാകണം ടീച്ചർ.

മദ്യാപനവും അജ്ഞതയും ലഹരിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും ഒരു പാടാണ് കേരളത്തിലും. മണ്ണുതിന്നുന്ന ഉണ്ണിയുടെ വായിൽ ആ ‘അത്ഭുതങ്ങൾ’ ആദ്യമെന്നതു പോലെ കണ്ട് ഇന്ന് ഞെട്ടി നാളെ പെട്ടെന്ന് നാം തിരിഞ്ഞു നടക്കും. നാലു പെട്ടി ലാക്ടജനല്ല പരിഹാരം. വലിയ വിഷയങ്ങളാണതെല്ലാം.

ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികളാവിഷ്കരിക്കണം. ഭരണത്തിൽ മാറി മാറി സുഖിച്ച മുഖ്യധാരാ കക്ഷികളും വലിയ സദാചാരം പ്രസംഗിച്ചു നടക്കുന്ന രാഷ്ട്രീയ കക്ഷികളുമെല്ലാം ഒരേ പോലെ ഉത്തരവാദികളാണ്. കുറ്റവാളികളുമാണ്.

കവികൾ ധർമ്മശാസ്ത്രക്കുറിമാനങ്ങൾ തെല്ലിട നിർത്തുക.മാതൃമാഹാത്മ്യം ഒത്തിരിയൊന്നും കവിതയിലാക്കണ്ട. പത്രങ്ങൾ കണ്ണീരും മുലപ്പാലും ചേർത്ത് വാർത്തകൾ ചാലിക്കയുമരുത്. ക്രൂരമാണതൊക്കെ.

എസ്.ശാരദക്കുട്ടി
3. 12. 2019

content highlights ; saradakkutty post on mother handed over her children to the child welfare news