പുരയിടത്തില്‍ നിധിശേഖരം കണ്ടെത്തി; രാജഭരണ കാലത്തെ നാണയങ്ങള്‍

കീഴ്പേരൂര്‍ തിരുപാല്‍ക്കടല്‍ക്ഷേത്രത്തിനു സമീപത്തെ പുരയിടത്തിൽ കൃഷിക്കായി മണ്ണിളക്കുന്നതിനിടെ പുരാതന നാണയങ്ങളടങ്ങിയ കുടം ലഭിച്ചു. കേരള ലോട്ടറിയുടെ ആറുകോടി, 2018 ലെ ക്രിസ്മസ് പുതുവര്‍ഷ ബ൦മ്പർ അടിച്ച പണം കൊണ്ടു വാങ്ങിയ പുരയിടം കിളച്ചപ്പോഴാണ് മുന്‍പ‍ഞ്ചായത്തംഗമായ ബി.രത്‌നാകരന്‍ പിള്ളയ്ക്കാണ് രണ്ട് കുടം നിധി ലഭിച്ചത്. അമൂല്യ നാണയങ്ങള്‍ പുരാവസ്തു വകുപ്പിനു കൈമാറി. 20.4 കിലോഗ്രാം തൂക്കം വരുന്ന 2600 നാണയങ്ങളാണ് കുടത്തിലുണ്ടായിരുന്നത്. മണ്ണിളക്കുന്നതിനിടയില്‍ തൊഴിലാളികളാണ് കുടം കണ്ടെത്തിയത്.

തിരുവിതാംകൂര്‍ രാജഭരണ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്ന് പുരാവസ്തു വകുപ്പ് ആര്‍ട്ടിസ്റ്റ് സൂപ്രണ്ട് ആര്‍.രാജേഷ് കുമാര്‍ വെളിപ്പെടുത്തി. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ, സേതുലക്ഷ്മിഭായി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ എന്നിവരുടെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 1885 മുതലുള്ള നാല് കാശ്, എട്ട് കാശ്, ഒരു ചക്രം എന്നിങ്ങനെയുള്ളതാണ് കണ്ടെത്തിയതില്‍ അറിയാന്‍ കഴിയുന്ന നാണയങ്ങള്‍.

രാജഭരണ കാലത്തെ ശംഖു ചക്രങ്ങളാണ് കിട്ടിയിട്ടുള്ളത്. ചില നാണയങ്ങളില്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിൻറെ മുഖചിത്രവും ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലിഷില്‍ രേഖപ്പെടുത്തലുമുണ്ട്. 20 കിലോ തൂക്കമുള്ള 2600 ഓളം നാണയങ്ങളുള്ള കുടമാണ് കണ്ടെത്തിയത്. വിവരം ഉടന്‍ പോലീസില്‍ അറിയിക്കുകയും കിളിമാനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും തുടര്‍ന്ന് പുരാവസ്തു അധികൃതരെ വിവരമറിയിക്കുകയായിരുന്നു ചെയ്തത്.

ക്ലാവ് പിടിച്ചതിനാല്‍ ലാബില്‍ പരിശോധന നടത്തിയാല്‍ മാത്രമേ നാണയത്തിൻറെ പഴക്കം അറിയാന്‍ കഴിയൂ. ക്ഷേത്രവും സ്ഥലവും കൂടുതല്‍ പരിശോധിക്കാന്‍ വീണ്ടും എത്തുമെന്നു പുരാവസ്തു വകുപ്പ് അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാര്‍ കൊട്ടാരവുമായി ബന്ധമുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

Content highlight: ratnakaran pillai gets 2600 old coins after winning the bumper lottery