ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തില്‍ പുനഃരന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. ജസ്റ്റിസ് ലോയ കേസ് പുനഃരന്വേഷിക്കണമെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും 2018ൽ നിലപാട് എടുത്തയാളാണ് ഉദ്ധവ് താക്കറെ. ബിജെപി അധ്യക്ഷനുമായ അമിത് ഷാ പ്രതിയായ സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം കേട്ട ജസ്റ്റിസ് ലോയ 2014 ഡിസംബര്‍ രാത്രിയിലാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്. ഡിസംബർ ഒന്നിനാണ് നാഗ്പുർ സിവിൽ ലെയ്നിനടുത്തുള്ള ഗെസ്റ്റ് ഹൗസിൽ ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹജഡ്ജി സ്വപ്ന ജോഷിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണു നാഗ്പുരിലെത്തിയത്.
മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നായിരുന്നു കോടതി വിധി. മരണവുമായി ബദ്ധപ്പെട്ട് പല സംശയങ്ങളും തങ്ങൾക്കുണ്ടെന്ന കുടുംബാംഗങ്ങളുടെ വെളിപ്പെടുത്തലിനു പിന്നാലെ പുനരന്വേഷണത്തിനു വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. 2014 ജൂണിലാണ് ലോഹയെ സോഹ്റാബുദ്ദീന് ഷെയ്ക്ക് കേസില്‍ പ്രത്യേക സിബിഐ കോടതിയിലേക്ക് നിയമിക്കുന്നത്. വിധി വരുന്ന ഡിസംബര്‍ 1 നാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത്.
2014 ഡിസംബര്‍ 30 ന് പ്രത്യേക സിബിഐ കോടതിയിലെ ലോയയുടെ പിന്‍ഗാമിയായ എം. ബി. ഗോസവി, സൊഹ്റാബുദ്ദീന്‍ ഷെയ്ക്ക് കേസില്‍ ഷായ്ക്കെതിരായ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയും, വിചാരണ നേരിടേണ്ടതില്ലെന്ന് വിധിക്കുകയും ചെയ്ത് അമിത് ഷായെ കുറ്റവിമുക്തനാക്കി. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രക്കെതിരെ പരസ്യമായി ആരോപണമുന്നയിക്കാന്‍ കാരണങ്ങളിലൊന്ന് ഈ കേസായിരുന്നു.
2018 ല്‍ അന്വോഷണം ആവശ്യമില്ലെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. എന്നാല്‍ കേസില്‍ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതി വിധിയെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് വിദഗ്ധരില്‍ നിന്ന് ഉദ്ധവ് താക്കറേ സര്‍ക്കാര്‍ അഭിപ്രായം തേടിയതായാണ് സൂചനകള്‍ .അമിത് ഷായെ നിയന്ത്രിക്കാന്‍ കേസ് വീണ്ടും തുറക്കുകയെന്ന തന്ത്രത്തെ ശരത് പവാറും പിന്തുണച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നിലെ ദുരുഹതകളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഇപ്പോഴത്തെ ശ്രമം.
Content highlights: Revisit on Justice Loya Murder case