തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കുന്ന വെബ് സീരീസായ ‘ക്വീൻ’ ട്രെയിലർ പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണനും എം.ജി.ആറിന്റെ വേഷത്തിൽ നടൻ ഇന്ദ്രജിത്ത് സുകുമാരനുമാണ് അഭിനയിക്കുന്നത്. നടി അനിഘ ജയലളിതയുടെ ബാല്യകാലത്തേയും നടി അഞ്ജന ജയപ്രകാശ് ജയലളിതയുടെ കൗമാരകാലത്തേയുമാണ് അവതരിപ്പിക്കുന്നത്.
രേശ്മ ഗടാലയുടെ തിരക്കഥയെ ആസ്പദമാക്കി ഗൗതം മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ് സംവിധാനം. ജയലളിതയുടെ സ്കൂള്‍ ജീവിതം, കൗമാര കാലം, സിനിമാ നടിയായുള്ള വളര്‍ച്ച, രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ തരുന്ന സൂചന. എം എക്സ് പ്ലെയര്‍ ആണ് സീരിസിന്റെ നിര്‍മാണം. അഞ്ച് എപ്പിസോഡുകള്‍ ഗൗതം മേനോൻ സംവിധാനം നിര്‍വ്വഹിക്കും. മറ്റ് അഞ്ച് എപ്പിസോഡുകള്‍ പ്രശാന്താണ് സംവിധാനം.
ജയലളിതയുടെ കഥ പറയുന്ന രണ്ട് ഫീച്ചര്‍ സിനിമകള്‍ തമിഴിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി സംവിധായകൻ എ.എൽ വിജയിയുടെ തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ് അയണ്‍ ലേഡി എന്ന മറ്റൊരു ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content highlight; Remya Krishnan starring queen official trailer