ഡിസംബർ 10- മനുഷ്യചരിത്രത്തോളം പ്രാധാന്യമുള്ള മനുഷ്യാവകാശങ്ങളുടെ പ്രസക്തിയും, അത്രത്തോളം തന്നെ പഴക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങളുടെ തീവ്രതയും ഓർമ്മിക്കാൻ ഒരു ദിനം. ജനിച്ചു വീഴുന്ന നിമിഷം മുതൽ അന്തസ്സോടും അഭിമാനത്തോടും കൂടെ മനുഷ്യരായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടാൻ ഐക്യരാഷ്ട്ര സംഘടന 1948 മുതൽ ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിക്കാൻ തുടങ്ങിയെങ്കിലും, ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും ഈ അവകാശങ്ങളുടെ ലംഘനം ക്രമാതീതമായി വർധിക്കുന്നുവെന്നത് ഈ ദിനം ഏറെ ചിന്തനീയമാണ്.
“എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു; എല്ലാവർക്കും തുല്യമായ പദവിയും അവകാശങ്ങളുമുണ്ട്. ബുദ്ധിയും മനഃസാക്ഷിയും കൊണ്ട് അനുഗ്രഹീതരായ മനുഷ്യർ, പരസ്പര സാഹോദര്യം കാത്തുസൂക്ഷിക്കാൻ നിർബന്ധിതരാണ്”, എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് ഐക്യരാഷ്ട്ര സംഘടന ആഗോള മനുഷ്യാവകാശ പ്രമാണം പ്രഖ്യാപിച്ചതും അതിനെ അംഗീകരിച്ചതും. ലോകത്തെവിടെയും ഓരോ തവണയും ഈ അവകാശം ലംഘിക്കപ്പെടുമ്പോഴും, അതിനെതിരെ ശബ്ദമുയരുന്നത് ഈയൊരു പ്രഖ്യാപനത്തിന്റെ ഫലമായാണ്.
മനുഷ്യാവകാശങ്ങൾക്ക് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന രാജ്യമാണ് നമ്മുടേത്. പക്ഷേ അപ്പോഴും അവകാശലംഘനങ്ങൾ നാം അത്ര ഗൗരവമായി കാണുന്നുണ്ടോ എന്ന ചോദ്യം മറുവശത്ത് ഉയരുന്നുണ്ട്. 1979-ഓടുകൂടിയാണ് മനുഷ്യാവകാശ സംബന്ധമായ ഉടമ്പടികൾ ഇന്ത്യ സ്ഥിരീകരിച്ച് അംഗീകരിച്ചത്. വർഷങ്ങൾക്കിപ്പുറം രാജ്യം ഇന്ന് അനുദിനം പുരോഗതിയിലേക്കുയരുമ്പോഴും മാനവിക മൂല്യങ്ങളും അവകാശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. മാറിമാറി ഭരണത്തിലേറുന്ന സർക്കാരുകളും, അവരെ പിന്താങ്ങുന്ന രാഷ്ട്രീയ മുന്നണികളും വ്യക്തിപരമായ ആവശ്യങ്ങൾക്കും നേട്ടങ്ങൾക്കുമായി പ്രവർത്തിക്കുമ്പോൾ, ഏറ്റവും വലിയ ജനാധിപത്യ രാജ്യം അതിലെ പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങൾ പോലും കേവലം കടലാസിലൊതുങ്ങുന്നു.
ലംഘിക്കപ്പെടാനുള്ളതെന്തോ അതാണ് മനുഷ്യാവകാശം എന്ന നിലയിലേക്ക് മാറി ഇന്ന് മനുഷ്യാവകാശ ധ്വംസനങ്ങളുടെ കഥ. ഇഷ്ടഭക്ഷണം കഴിച്ചതിന്റെയും കൈവശം സൂക്ഷിച്ചതിന്റെയും പേരിൽ പെരുവഴിയിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല ചെയ്യപ്പെട്ടവരുടെ നാടാണിത്. അനീതിക്കെതിരെ ശബ്ദമുയർത്തിയതിന് ഐപിഎസ് ഉദ്യോഗസ്ഥൻ വർഷങ്ങൾക്കു മുൻപുള്ള കേസിന്റെ പേരിൽ ആസൂത്രിതമായി ആജീവനാന്തം ജയിലിലടക്കപ്പെട്ട രാജ്യവും ഇതുതന്നെയാണ്. കോടികൾ തട്ടിയ കോർപറേറ്റുകൾ സുഖമായി വിലസുമ്പോൾ ഒരു നേരം വിശപ്പടക്കാൻ കൊതിച്ച കുറ്റത്തിന് മോഷ്ടാവെന്ന് മുദ്രകുത്തി അതിദയനീയമായി കൊല്ലപ്പെട്ട ആ ആദിവാസി യുവാവും ഈ നാട്ടുകാരൻ തന്നെയായിരുന്നു. തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾക്കെതിരെ പ്രതികരിച്ചതിന് തീ കൊളുത്തി കൊല ചെയ്യപ്പെട്ട ഉന്നാവിലെ പെൺകുട്ടിയും ഈ ജനാധിപത്യരാജ്യക്കാരിയാണ്. ഇങ്ങനെ എത്രയെത്ര അവകാശ ധ്വംസനങ്ങളും നീതി നിഷേധങ്ങളും പുറംലോകമറിഞ്ഞും അറിയാതെയും ഈ നാട്ടിൽ അരങ്ങേറുന്നു. ഇവിടെ മനുഷ്യാവകാശത്തിനായി ഇങ്ങനെയൊരു ദിനമോ, മാസമോ, ഒരു വർഷം തന്നെയോ ആചരിക്കുന്നതുകൊണ്ട് എന്ത് മാറ്റം പ്രതീക്ഷിക്കാനാണ് !
ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും, ദരിദ്രരും, ആദിവാസികളുമൊക്കെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ അവകാശങ്ങൾ എന്നിവയിലൊക്കെ ഇന്നും ഇക്കൂട്ടർ വിവേചനത്തിനു കീഴിലാണ്. എന്നാൽ മറുവശത്ത് സ്ത്രീശാക്തീകരണവും സ്ത്രീസുരക്ഷാ ബില്ലുകളും ആദിവാസിക്ഷേമ പദ്ധതികളുമൊക്കെയായി വെള്ളപൂശൽ നടക്കുന്നുമുണ്ട്. ആവശ്യമുള്ളതിനേക്കാൾ എത്രയോ അധികം ഭക്ഷ്യധാന്യങ്ങൾ ഉത്പാദിക്കപ്പെട്ടിട്ടും ലോകത്തിലെ മുന്നിൽ ഒരു വിഭാഗം മനുഷ്യർ ഇന്നും പട്ടിണിയിലാണെന്നാണ് ലോക ഭക്ഷ്യ-കാർഷിക സംഘടനയുടെ കണക്ക്. വിശപ്പ് മനുഷ്യന് അവകാശമല്ല, മറിച്ച് അടിസ്ഥാന ആവശ്യം തന്നെയാണ്. വിശപ്പടക്കപ്പെടേണ്ടത് തീർച്ചയായും മനുഷ്യാവകാശങ്ങളുടെ പരിധിയിൽ വരുന്നതുമാണ്. കഴിഞ്ഞ കാലങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം മനുഷ്യാവകാശ ലംഘന കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. കൂടുതലും പോലീസ് അതിക്രമവുമായി ബന്ധപ്പെട്ടവയും. ഇത്രയേറെ അനീതി അനുദിനം നമുക്കിടയിൽ ആവർത്തിക്കപ്പെടുമ്പോഴും നിർബാധം തുടരുന്ന ഭരണവർഗ്ഗത്തിന്റെ നിസ്സംഗത തന്നെയാണ് ഈ ദിനം ചോദ്യം ചെയ്യപ്പെടേണ്ടത്.
Content Highlights: December-10 human rights day