അവിവാഹിതര്‍ മൊബൈല്‍ ഉപയോഗിക്കുന്നതില്‍ വിലക്ക് കല്‍പ്പിച്ച് ഠാക്കോര്‍ സമുദായം

ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം. സമുദായത്തില്‍ നിന്ന് പുറത്തു നിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായം തീരുമാനം എടുത്തു. 12 ഗ്രാമങ്ങളില്‍ നിന്നിള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കാന്‍ പാടില്ല. ഇവരുടെ പക്കല്‍ നിന്ന് ഫോണ്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികള്‍. മറ്റ് സമുദായത്തില്‍ നിന്ന് മക്കള്‍ വിവാഹം കഴിച്ചാല്‍ ഒന്നര ലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ പിഴ മാതാപിതാക്കള്‍ നല്‍കേണ്ടി വരും. പെണ്‍ക്കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതില്‍ തെറ്റൊന്നുമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെല്‍ ഠാക്കോര്‍ രംഗത്ത് വന്നു. സ്ത്രീകള്‍ സാങ്കേതികവിദ്യയില്‍ നിന്ന് അകന്നു നില്‍ക്കണമെന്നും ഗാനിബെല്‍ ഠാക്കോര്‍ പറഞ്ഞു.