ട്രംപിന് ശക്തമായ മറുപടിയുമായി ഇറാന് വിദേശകാര്യമന്ത്രി ജാവേദ് സരീഫ്. അലക്സാണ്ടര്‍ക്കും, ചെങ്കീസ് ഖാനുമൊക്കെ ചെയ്യാന്‍ കഴിയാത്തതൊക്കെയാണ് ട്രംപ് ചെയ്ത് കാണിക്കുമെന്ന് പറയുന്നത്. സഹസ്രാബ്ദങ്ങളായി ഇത്തരം കടന്നുകയറ്റങ്ങളൊക്കെ അതിജീവിച്ച പാരമ്പര്യമാണ് ഇറാനുള്ളത്. സാമ്പത്തിക തീവ്രവാദം കൊണ്ടോ ഉന്മൂലന സിദ്ധാന്തം കൊണ്ടോ ഇറാനെ തകര്‍ക്കാന്‍ കഴിയില്ല. ജാവേദ് സരീഫ് ട്വിറ്ററില്‍ കുറിച്ചു.
യുദ്ധത്തിനാണ് തീരുമാനിച്ചതെങ്കില്‍ ഇറാന്റെ അന്ത്യമായിരിക്കും എന്ന് കഴിഞ്ഞ ദിവസം ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് ജാവേദ് സരീഫ് രംഗത്ത് വന്നത്. ട്രംപിനേയും ജോണ്‍ ബോള്‍ട്ടനേയും ടാഗ് ചെയ്തുകൊണ്ടാണ് സരീഫിന്റെ ട്വീറ്റ്. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നും അമേരിക്ക പിന്മാറിയതിന് ശേഷമാണ് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നത്. യുദ്ധം വേണ്ട എന്ന് പറയുമ്പോഴും യുദ്ധത്തിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.