പരിസ്ഥിത പരിണാമങ്ങളുടെ ഓരോ യു​ഗത്തിലും “മൂട്ട”കൾ അതിജീവിച്ചതായി പഠനം

മൂട്ടകള്‍ 50 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പേ രൂപപ്പെട്ടവയെന്ന് പഠനങ്ങള്‍. വവ്വാലുകളാണ് ആദ്യം ഉണ്ടായതെന്നായിരുന്നു ഇതുവരെയും വിശ്വസിച്ചിരുന്നത്. ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ മൂട്ടകളുടെ പരിണാമത്തെ സംബന്ധിച്ചും ഇവയ്ക്ക് മനുഷ്യനുമായുള്ള ബന്ധത്തെക്കുറിച്ചും അറിയുന്നതിന് മൂട്ടകളുടെ ഡിഎന്‍എയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

കൂടുതലായും കിടക്കകളില്‍ കാണാറുള്ള ഈ മൂട്ടകള്‍ എന്ന് രൂപപ്പെട്ടുവെന്നതിൽ പലര്‍ക്കും വലിയ ധാരണയില്ല. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മൂട്ടകള്‍ ദിനോസറുകളുടെ കാലത്തു തന്നെ ഉണ്ടായിരുന്നു എന്നാണ്. ദിനോസറുകളുടെ രക്തം ആയിരുന്നു ഇവ ഭക്ഷിച്ചിരുന്നതെന്നും പറയുന്നു. എന്നാല്‍ അന്ന് മൂട്ടകളുടെ ആതിഥേയന്‍ ആരായിരുന്നുവെന്ന് അറിയുന്നതിന് ഇനിയും പഠനങ്ങള്‍ ആവശ്യമാണ്.

പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ 15 വര്‍ഷത്തോളം ആഫ്രിക്കയില്‍ നിന്നും മറ്റും എബോള രോഗബാധിതരായ വവ്വാലുകളുടേയും പോത്തുകളുടേയും സാമ്പിളുകളും സൗത്-ഈസ്റ്റ് ഏഷ്യയിലെ പക്ഷിക്കൂടുകളില്‍ നിന്നുള്ള സാമ്പിളുകളും പഠനവിധേയമാക്കിയിരുന്നു. മൂട്ടകളുടെ പരിണാമം ഇതുവരെയും നമ്മള്‍ മനസ്സിലാക്കിയതിനേക്കാള്‍ സങ്കീര്‍ണമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മൈക്ക് ശിവ് ജ്യോതി ‘ജേണല്‍ കറന്റ് ബയോളജി’യില്‍ പറഞ്ഞു.

മുമ്പ് മനസ്സിലാക്കിയിരുന്നത് വവ്വാലുകളാണ് ആദ്യം രൂപപ്പെട്ടത് എന്നാണ്. എന്നാല്‍ വവ്വാലുകളേക്കാള്‍ പ്രായാധിക്യമുള്ളവരാണ് മൂട്ടകള്‍ എന്നത് വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്നും പഠനത്തിന്റെ പ്രധാന എഴുത്തുകാരനായ സ്റ്റീഫന്‍ റോത്ത് അഭിപ്രായപ്പെട്ടു. മനുഷ്യര്‍ക്കിടയില്‍ സാധാരണയായി കാണാറുള്ള ഉപദ്രവകാരികളില്‍ പ്രധാനിയായ ട്രോപ്പിക്കല്‍ മൂട്ടകള്‍ മനുഷ്യര്‍ക്കു മുമ്പ് തന്നെ പരിണാമം സംഭവിച്ചതാണെന്നും മനുഷ്യ പരിണാമം പുതിയ പരാദജീവികളുടെ ഉല്‍ഭവത്തിന് കാരണമായി എന്നും ഗവേഷകര്‍ അഭിപ്രായപ്പടുന്നു.