ബ്രക്സിറ്റ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് രാജിക്കത്ത് ഔദ്യോഗികമായി സമര്‍പ്പിക്കുമെന്ന് തെരേസ മെയ് അറിയിച്ചു. ലണ്ടനിലെ ഭരണകക്ഷിയായ കണ്‍സര്‍വ്വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിച്ചിരുന്ന തെരേസ മെയ് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്തുന്നവരെ ആ സ്ഥാനത്ത് തുടരും.
2016ല്‍ ബ്രിട്ടിഷ് ജനത തീരുമാനിച്ച ബ്രക്സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തുവെന്നും എന്നിട്ടും ഇതിനു സാധിക്കാത്തതിനാലാണ് സ്ഥാമൊഴിയുന്നതെന്ന് തെരേസ മെയ് വ്യക്തമാക്കി. പുതിയ പ്രധാനമന്ത്രിക്ക് രാജ്യതാല്പര്യത്തിന് യോജിക്കുന്ന രീതിയില്‍ ബ്രക്സിറ്റ് നടപ്പിലാക്കാന്‍ കഴിയട്ടെ എന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് തെരേസ മെയ് പറഞ്ഞു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ താമസമുള്ളതിനാല്‍ കാവല്മന്ത്രിയായി തെരേസ മെയ് തുടരും.
തെരേസാ മെയുടെ പടിയിറക്കത്തോടെ അടുത്ത പ്രധാനമന്ത്രിയെ ചൊല്ലിയുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ലണ്ടനില്‍ ആരംഭിച്ചിട്ടുണ്ട്. വലിയ അധികാര വടംവലിക്കാവും ഇനി ബ്രിട്ടീഷ് രാഷ്ട്രീയം സാക്ഷ്യം വഹിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.