കെവിന്റെ ഓർമകൾക്ക് ഒരാണ്ട്

കോട്ടയം നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫ്(24) ഓർമയായിട്ട് ഒരുവർഷം. ദളിതനായതിന്റെ പേരില്‍ വിവാഹം കഴിച്ച പെണ്ണിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിന്റെ ഓര്‍മ്മകള്‍ക്കാണ് ഇന്ന് ഒരാണ്ട് തികയുന്നത്. നീനുവിനെ വിവാഹം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് നീനുവിന്റെ സഹോദരന്‍ ഷാനുവും സംഘവും കെവിനെ തട്ടികൊണ്ടുപോകുന്നതും കൊലപ്പെടുത്തുന്നതും. നീനു ഇപ്പോഴും കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ്. ബിരുദപഠനം പൂര്‍ത്തിയാക്കി കേരളത്തിന് പുറത്തുള്ള സ്ഥാപനത്തില്‍ എംഎസ്ഡബ്ലുവിന് പഠിക്കുകയാണിപ്പോള്‍. സംസ്ഥാന സര്‍ക്കാരാണ് നീനുവിന്റെ പഠനചെലവ് വഹിക്കുന്നത്. കേരളത്തില്‍ ആദ്യത്തെ ദുരഭിമാന കൊലയായി പരിഗണിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. വാവാച്ചിയുടെ ഓര്‍മ്മകളും പേറി ജീവിക്കുന്ന കുടുംബത്തിന് അവനെ കൊന്ന കൊലയാളികള്‍ക്ക് എത്രയും വേഗം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹം.

കേസിന്റെ നാള്‍വഴിയിലൂടെ

24 മെയ് 2018- കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫ് (24) കോല്ലം തെന്മാല സ്വദേശി നീനുവിനെ വിവാഹം കഴിക്കുന്നു.

25 മെയ് 2018- നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാനാണ് നീനുവിനോട് പൊലീസ് നിര്‍ദ്ദേശിച്ചത്. അതിന് വിസമ്മതിച്ചതോടെ ബലംപ്രയോഗിച്ച് നീനുവിനെ അവിടെ നിന്ന് കൊണ്ടുപോകാന്‍ വീട്ടുകാര്‍ ശ്രമിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങി.

27 മേയ് 2018-പുലര്‍ച്ചക്ക് കെവിനെയും ബന്ധു അനീഷിനെയും മാന്നാനത്തെ അനീഷിന്റെ വീട്ടില്‍നിന്നു നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തില്‍ വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുന്നു. അന്ന് ഉച്ചയോടുകൂടി കെവിനെ കാണാന്‍ ഇല്ലെന്ന് കാണിച്ച് കെവിന്റെ അച്ഛന്‍ ജോസഫ് ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നു. ഷാനുവും സംഘവും അനീഷിനെ വെറുതെവിടുന്നു. അനീഷ് പിന്നീട് ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെടുന്നു. പക്ഷെ പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ല

28 മെയ് 2018-പുനലൂര്‍ ചാലിയേക്കര തോട്ടില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തുന്നു. കെവിനെ മര്‍ദ്ദിച്ച് ആറ്റില്‍ തള്ളിയതായി പോലീസ് സ്ഥിരീകരിക്കുന്നു. നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരുള്‍പ്പടെ 14 പേരെ പോലീസ് കസ്റ്റടിയില്‍ എടുക്കുന്നു

8 നവംബര്‍ 2018- കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി വിചാരണ നടത്താന്‍ സെക്ഷന്‍സ് കോടതി ഉത്തരവിടുന്നു. കെവിന്‍ വധക്കേസില്‍ പ്രതികളായ സംഘത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നു. എഎസ്‌ഐ ടി.എം ബിജുവിനെ പിരിച്ചുവിട്ടു. ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ 3 വര്‍ഷത്തെ അനുകൂല്യങ്ങള്‍ റദ്ദാക്കി. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് 2000 രൂപ വാങ്ങിയെന്നതായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്

16 ജനുവരി 2019- കെവിന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍ കര്‍ശന ഉപാധികളോടെ വിട്ടിനല്‍കുന്നു.

24 ജനുവരി 2019- കോട്ടയം സെക്ഷന്‍സ് കോടതിയില്‍ പ്രാഥമിക വാദം ആരംഭിക്കുന്നു.

13 ഫെബ്രുവരി 2019- കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് കെവിന്റെയെന്ന് പ്രോസിക്യൂഷന്‍ കോടതില്‍ വാദിക്കുന്നു

13 മാര്‍ച്ച് 2019- ദുരഭിമാനക്കൊലയെന്ന് കാണിച്ചുള്ള കുറ്റപത്രം കോടതി അംഗീകരിക്കുന്നു. നരഹത്യ ഉള്‍പ്പടെ 10 വകുപ്പുകള്‍ 14 പ്രതികള്‍ക്കെതിരെ ചുമത്തിയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു.

24 ഏപ്രില്‍ 2019- കെവിന്‍ വധക്കേസില്‍ വിചാരണ തുടങ്ങുന്നു. ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിയുന്നു.

17 മേയ് 2019- കെവിന്‍ കേസില്‍ സാക്ഷികള്‍ വീണ്ടും കൂറുമാറുന്നു.
കെവിനെ തട്ടിക്കൊണ്ടു പോയ സാനു ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘത്തെ പുനലൂര്‍ നെല്ലിപ്പള്ളിയിലെ പെട്രോള്‍ പമ്പില്‍ കണ്ടുവെന്ന മൊഴി 27-ാം സാക്ഷി അലന്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ തെളിവെടുപ്പു വേളയില്‍ എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുന്നതു കണ്ടുവെന്ന മുന്‍മൊഴി 98-ാം സാക്ഷി സുലൈമാനും നിഷേധിക്കുന്നു. ഇതോടെ കെവിന്‍ വധക്കേസില്‍ കൂറുമാറിയവരുടെ എണ്ണം അഞ്ചാകുന്നു.

20 മേയ് 2019- മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് കെവിന്‍ വധക്കേസ് പ്രതികള്‍ സാക്ഷികളെ നടുറോട്ടില്‍ മര്‍ദ്ധിച്ച സംഭവത്തില്‍ 2 പ്രതികളുടെ ജാമ്യം റദ്ദാക്കുന്നു.

23 മേയ് 2019- സംഭവസ്ഥലത്ത് മഹസര്‍ തയ്യാറാക്കുന്നത് കണ്ടെന്ന് മൂന്നു സാക്ഷികള്‍.

ജൂണ്‍ ആറിനോട് കൂടി വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നു