ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് വിലക്ക്

ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി എഐസിസി നേതൃത്വം. അടുത്ത ഒരു മാസത്തേക്ക് കോണ്‍ഗ്രസ് വക്താക്കളെ ചാനല്‍ ചര്‍ച്ചകളിലേക്ക് അയക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനം. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പ്രതിനിധികളെ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോട് ആവശ്യപ്പെടുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരാനില്ലെന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്.
സോണിയാ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പലവട്ടം അനുനയ ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനം പുനപരിശോധിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായിട്ടില്ല. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് വരട്ടെ എന്ന നിലപാടിലാണ് രാഹുല്‍ ഇപ്പോള്‍ നില്‍ക്കുന്നത്.