കെ.മുരളീധരന്റെ വാഹനത്തിനു നേരെ ആക്രമണം; നേമത്ത് കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം

നേമത്ത് യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്റെ പ്രചാരണ വാഹനം തടഞ്ഞതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി പത്തരയോടെ വെള്ളായണി സ്റ്റുഡിയോ റോഡിലായിരുന്നു സംഭവം. നേമം സ്റ്റുഡിയോ റോഡില്‍ വെച്ചാണ് കെ. മുരളീധരന്റെ വാഹനം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞത്. അക്രമം തടയാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീറിന് ആക്രമണത്തിൽ തലയ്ക്കു പരുക്കേറ്റു.

വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാർഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മുരളീധരനും ഒപ്പമുള്ളവരും കാറിൽ കയറിയപ്പോഴാണ് വാഹനം ആക്രമിച്ചത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്ലാഗ് റോഡ് ഒടിക്കുകയും ചെയ്തു. തുടർന്നാണ് കല്ലേറുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിലാണു ഷജീറിനു പരുക്കേറ്റത്.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ രാത്രി നേമം പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി. സംഭവസ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പരാജയഭീതികൊണ്ടാണ് ബിജെപി അതിക്രമമെന്നും തിരഞ്ഞെടുപ്പ് സമാധനപരമായി നടത്താൻ നടപടി സ്വീകരിക്കണമെന്ന് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു

Content Highlights: Congress-BJP clash in Nemam