ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്

Siddharth receives rape, death threats. 'BJP Tamil Nadu IT cell leaked my number,' tweets actor

ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയും കുടുംബത്തെയും ഭീഷണപ്പെടുത്തുന്നതായി തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. തനിക്കും കുടുംബത്തിനുമെതിരെ ബലാത്സംഗ, വധഭീഷണികള്‍ മുഴക്കുന്നതായും നടന്‍ ട്വിറ്ററില്‍ കുറിച്ചു. ”ബി.ജെ.പി തമിഴ്നാട് ഐടി സെല്‍ എന്‍റെ നമ്പര്‍ ചോര്‍ത്തി. 24 മണിക്കൂറിനിടയില്‍ 500 ഓളം ബലാത്സംഗ, വധഭീഷണികളാണ് എനിക്കും കുടുംബത്തിനുമെതിരെ വന്നത്.

ബി.ജെ.പി പ്രവര്‍ത്തകരുടെ ഫോണ്‍ നമ്പറുകളും ഫോണ്‍ സംഭാഷണങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ശ്രമിച്ചുകൊണ്ടിരിക്കൂ..എന്നെ നിശ്ശബ്ദനാക്കാനാകില്ല” പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തു കൊണ്ട് സിദ്ധാര്‍ഥ് കുറിച്ചു. സിദ്ദാർത്ഥിനെതിരെയുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ കമന്‍റുകളുടെ ഒരു ട്വീറ്റും സിദ്ധാര്‍ഥ് പങ്കുവച്ചിട്ടുണ്ട്. ”ബിജെപി തമിഴ്‌നാട് അംഗങ്ങള്‍ ഇന്നലെ എന്റെ നമ്പർ ചോർത്തി എന്നെ ആക്രമിക്കാനും ഉപദ്രവിക്കാനും ആളുകളോട് ആഹ്വാനം ചെയ്യുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഒന്നാണിത്. ഇവന്‍ ഇനിമേലാ വായ തുറക്ക കൂടാത്. നമ്മള്‍ കോവിഡിനെ അതിജീവിച്ചേക്കാം. പക്ഷെ ഇത്തരം ആളുകളെ അതിജീവിക്കാനാകുമോ? സിദ്ധാര്‍ഥ് കുറിക്കുന്നു.

ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്ന നടനാണ് സിദ്ധാര്‍ഥ്. താരത്തിന്‍റെ കുറിക്ക് കൊള്ളുന്ന ട്വീറ്റുകള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. അധികാരത്തില്‍ നിന്നും ബി.ജെ.പിയെ പുറത്താക്കുന്ന ദിവസം രാജ്യം യഥാര്‍ത്ഥത്തില്‍ വാക്സിനേറ്റഡ് ആകുമെന്നായിരുന്നു സിദ്ധാര്‍ഥ് ഈയിടെ കുറിച്ചത്.

Conten Highlights; Siddharth receives rape, death threats. ‘BJP Tamil Nadu IT cell leaked my number,’ tweets actor