ഇഷ്ടപ്പെട്ട സീറ്റും കോടികളും ബിജെപി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി എം.എ വാഹിദ്

ബിജെപി ഏജന്റുമാര്‍ കോടികള്‍ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എം.എല്‍.എയുമായ എം.എ വാഹിദ്. ബിജെപി സ്ഥാനാര്‍ത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാമെന്നും ഏജന്റുമാര്‍ വാഗ്ദാനം ചെയ്തതായി വാഹിദ്  വെളിപ്പെടുത്തി. താന്‍ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ്‌ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് എം.എ വാഹിദിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കള്‍ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കല്‍ മാത്രമെ താന്‍ പാര്‍ട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതില്‍ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കല്‍ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വാഹിദ് വ്യക്തമാക്കി.

content highlights: MA Vaheed says about BJP