റെയില്‍വെ ആപ്പിലെ അശ്ലീല പരസ്യം; പരാതിക്കാരന് കിടിലൻ മറുപടി നല്‍കി അധികൃതര്‍

റെയില്‍വെ ആപ്പിലെ അശ്ലീല പരസ്യങ്ങളെക്കുറിച്ച് പരാതിപ്പെട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി അധികൃതര്‍. ഇന്ത്യന്‍ റെയില്‍വെ കേറ്ററിങ് അന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിറ്റിസി) ഔദ്യോഗിക ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനിലാണ് അശ്ലീല പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടെന്ന് ആരോപിച്ച് ആനന്ദ് കുമാര്‍ എന്ന വ്യക്തി പരാതി നല്‍കിയത്. ഐആര്‍സിറ്റിസിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ഇയാള്‍ പരാതി ഉന്നയിച്ചത്.

എന്നാല്‍ പരസ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടയ്ക്ക് പോപ്പ് അപ്പ് ചെയ്ത് വരുന്ന കുക്കീസ് ആണെന്നും ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി പരിഗണിച്ചാണ് കുക്കീസ് എന്നറിയപ്പെടുന്ന പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. കുക്കീസ് ഒഴിവാക്കണമെങ്കില്‍ ആദ്യം ഉപയോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി ക്ലിയര്‍ ചെയ്യണമെന്നും ആയിരുന്നു റെയില്‍വെയുടെ മറുപടി.

റെയില്‍വെ ആപ്പില്‍ കണ്ട പരസ്യങ്ങള്‍ അത് ഉപയോഗിച്ച ആളുടെ ബ്രൗസിങ് ഹിസ്റ്ററി മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് അയയ്ക്കുന്ന പരസ്യങ്ങളാണ്. റെയില്‍വെയുമായി അതിന് ബന്ധമൊന്നുമില്ല എന്ന റെയില്‍വേയുടെ കിടിലന്‍ മറുപടിയുള്ള ആനന്ദ് കുമാറിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആവുകയാണ്.