സിദ്ധിഖിന്റെ സംവിധാനത്തില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഫ്രണ്ട്സ്. ജയറാമും മുകേഷും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സിനിമയില്‍ ജഗതിയും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രം തമിഴില്‍ സംവിധാനം ചെയ്തപ്പോള്‍ ലാസര്‍ ഏളേപ്പന്‍ നേസമണി ആയി മാറിയിരുന്നു. സിദ്ധിഖ് തന്നെ തമിഴില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വടിവേലു ആയിരുന്നു ജഗതിയുടെ റോളില്‍ എത്തിയത്. കഴിഞ്ഞ ദിവസം വടിവേലുവിന്റെ നേസമണി ട്വിറ്ററില്‍ താരമായി മാറിയിരുന്നു. നേസമണിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ഹാഷ്ടാഗ് ആയിരുന്നു ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി മാറിയത്.
നേസാമണി വീണ്ടും താരമായിരിക്കുന്നതിന്റെ കാരണം പാക്കിസ്ഥാനിലെ ഒരു ട്രോള്‍ പേജാണ്. ചുറ്റികയുടെ ചിത്രം പോസ്റ്റ് ചെയ്ത് ഈ വസ്തുവിന് നിങ്ങളുടെ നാട്ടില്‍ എന്ത് പേര് പറയും എന്നായിരുന്നു ചോദ്യം. ഇതിന് രസകരമായൊരു മറുപടിയുമായി ഒരു തമിഴ്‌നാട്ടുകാരന്‍ എത്തുകയായിരുന്നു. ഈ ഉപകരണം തലയില്‍ വീണാണ് ഞങ്ങളുടെ പ്രിയപ്പെട്ട കോണ്‍ട്രാക്ടര്‍ നേസമണി ചിറ്റപ്പന്‍ ഗുരുതരാവസ്ഥയിലായത്. സഹായിയുടെ കൈയ്യില്‍ നിന്നും തെന്നിവീണ ചുറ്റിക കൊണ്ട് അപകടം സംഭവിക്കുകയായിരുന്നുവെന്ന് തമിഴ്‌നാട്ടുകാരന്‍ പറഞ്ഞു.
തുടര്‍ന്ന് സിനിമയിലെ രംഗമാണിതെന്ന് അറിയാതെ പാക്കിസ്ഥാന്‍കാര്‍ ഇപ്പോള്‍ അയാള്‍ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രേ ഫോര്‍ നേസമണി ട്വീറ്റുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയത്. രാജ്യം മുഴുവന്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഉറ്റുനോക്കുന്ന സമയത്താണ് ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ നേസാമണി ഒന്നാമതായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നേസമണിയുടെ ആരോഗ്യ നില സംബന്ധിച്ച അപ്പോളോ ആശുപത്രിയുടെ പ്രസ് റീലിസും ചുറ്റിക തലയിലേക്കു വീഴുന്നതിന്റെ ദൃശ്യങ്ങളും ട്രോളന്മാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നത്തില്‍ നിന്നും നേസമണിയെ വീഴ്ത്തിയ ചുറ്റിക മാറ്റണമെന്നും മഹേന്ദ്ര സിങ് ധോണിക്ക് മാത്രമേ ഇനി നേസമണിയെ രക്ഷിക്കാന്‍ കഴിയുകയൂളളുവെന്നു ട്രോളുകള്‍ വന്നു.
നേസമണി വീണ്ടും തരംഗമായതില്‍ പ്രതികരണവുമായി വടിവേലു എത്തിയിരിക്കുകയാണ് ഇപ്പോള്‍ ‘ദൈവത്തിന് നന്ദി,18 വര്‍ഷം മുന്‍പ് അഭിനയിച്ച രംഗം ഇപ്പോള്‍ ലോകം മുഴുവന്‍ ചിരിക്കാന്‍ കാരണമാവുമ്പോള്‍ സന്തോഷം. ക്രെഡിറ്റ് സംവിധായകന്‍ സിദ്ധിഖിനാണെന്ന് വടിവേലു പറഞ്ഞു.