വിനായകനെരിരെ മീടൂ ആരോപണവുമായി സാമൂഹ്യപ്രവര്‍ത്തക

കൊച്ചി: സിനിമാ താരം വിനായകനെതിരെ മീടൂ ആരോപണവുമായി ദളിത് ആക്റ്റിവിസ്റ്റ്. ഒരു പരിപാടിക്ക് വിളിച്ച തന്നോട് വിനായകന്‍ അപമര്യാദയായി പെരുമാറിയെന്നാണ് ഇവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിക്കുന്നത്.

എന്റെ കൂടെ കിടക്കാമോ എന്നും തന്റെ അമ്മയെക്കൂടി എനിക്ക് വേണമെന്നും ഫോണിലൂടെ ആവശ്യപ്പെട്ട വിനായകനോട് യാതൊരു വിധ ബഹുമാനവുമില്ലെന്നും അവര്‍ ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ഫോണ്‍ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. സ്ത്രീയെ വെറും ഉപഭോഗ വസ്തുവായി കണക്കാക്കിയ വിനായകനോടൊപ്പമല്ല ജാതീയമായി അക്രമിക്കപ്പെട്ട വിനായകനോടൊപ്പം മാത്രമാണെന്നും അവര്‍ കുറിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ’

സംഘപരിവാര്‍ സംഘടനകളെ വിമര്‍ശിച്ചതിന്റെ പേരില്‍ വിനായകന്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ആര്‍എസ്എസിനും ബിജെപിക്കും കേരളത്തില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അതാണു തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും വിനായകന്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് വിനായകന്റെ ഫെയ്സ്ബുക് പേജിലും പുതിയ സിനിമ തൊട്ടപ്പന്റെ ടീസറിനു താഴെയും ജാതീയമായി അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആക്രമണം കടുത്തതോടെ ഫെയ്സ്ബുക്കില്‍ അയ്യപ്പന്റെയും കാളീദേവിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താണ് വിനായകന്‍ പ്രതികരിച്ചത്.