മലയാളികളെ ഭീകര സംഘടയായ ഐ എസിലേക്ക് റിക്രൂട്ട് ചെയ്യ്തിരുന്ന കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുള്ള മരിച്ചതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനു മുമ്പും റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴൊക്കെ ശബ്ദ സന്ദേശത്തോടെ റാഷിദ് തന്നെ നിഷേധിച്ച് രംഗത്ത് വന്നിരുന്നു. നേരത്തേ കേരളത്തില്‍നിന്ന് ഐ എസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഐ എസിന്റെ ടെലഗ്രാം ഗ്രൂപ്പിലാണ് റാഷിദ് കൊല്ലപ്പെട്ടതായുള്ള സന്ദേശം പ്രചരിക്കുന്നത്. 2016 മെയ് മാസത്തിലാണ് റാഷിദിന്റെ നേതൃത്വത്തില്‍ 21 പേര്‍ ഐ എസില്‍ ചേരാന്‍ നാടുവിട്ടത്. റാഷിദിനോടൊപ്പം രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.