ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ഭിന്നത. ജോധ്പുരില്‍ മത്സരിച്ച തന്റെ മകന്‍ വൈഭവ് ഗെഹ് ലോത്തിന്റെ തോല്‍വിയുടെ ഉത്തരവാദിത്വം പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോത് ആവശ്യപ്പെട്ടു.
ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെയാണ് സച്ചിന്‍ പൈലറ്റിനെതിരെ ഗെഹ്ലോത് പരസ്യമായി രംഗത്തെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജോധ്പുര്‍ മണ്ഡലത്തില്‍ മത്സരിച്ച അശോക് ഗെഹ്ലോതിന്റെ മകന്‍ വൈഭവ് ഗെഹ്ലോത് പരാജയപ്പെട്ടിരുന്നു. ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഏറ്റെടുക്കണമെന്നാണ് ഗെഹ്ലോതിന്റെ ആവശ്യം. ജോധ്പൂരടക്കം സംസ്ഥാനത്തെ 25 സീറ്റുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരുന്നു.
‘ജോധ്പൂരില്‍ വലിയ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സച്ചിന്‍ അവകാശപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നുവെന്നും സച്ചിന്റ പറഞ്ഞു. അത് കൊണ്ട് ഞാന്‍ കരുതുന്നത് അദ്ദേഹം ആ സീറ്റിന്റെയെങ്കിലും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ്’- അഭിമുഖത്തിനിടെ ഗെഹ്ലോത് പറഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കോ പിസിസി അധ്യക്ഷനോ ഉണ്ടെന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ എനിക്ക് പറയാനുള്ള എല്ലാര്‍ക്കും കൂട്ടുത്തരവാദിത്വം ഉണ്ടെന്നാണെന്നും ഗെഹ്ലോത് പറഞ്ഞു.
ആറു മാസം മുമ്പാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. മുഖ്യമന്ത്രി പദത്തിനായി സച്ചിനും ഗെഹ്ലോതും തമ്മിലുണ്ടായ തര്‍ക്കം ഹൈക്കമാന്‍ഡ് ഇടപ്പെട്ടാണ് പരിഹരിച്ചത്. വൈഭവ് ഗെഹ്ലോതിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയതിനെതിരെ സച്ചിന്‍ വിഭാഗ നേതാക്കള്‍ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. പരാജയത്തിന് പിന്നാലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും ഗെഹ്ലോതിനടക്കം രാഹുല്‍ ഗാന്ധിയുടെ പരോക്ഷ വിമര്‍ശനവുമുണ്ടായിരുന്നു.