ഒരിടവേളക്ക് ശേഷം പുത്തൻ സിനിമകളെയും പ്രേക്ഷകരെയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ തീയേറ്ററുകൾ. ഈദ് റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് 10 ചിത്രങ്ങൾ. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ ഖാലിദ് റഹ്മാന് രചനയും സംവിധാനവുമൊരുക്കി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്റെ ട്രെയ്ലര് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
കൃഷ്ണന് സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രം ഈദിന് തീയറ്ററുകളിലെത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് റിലീസ് ജൂണ്‍ 14ലിലേക്ക് മാറ്റിയിരുന്നു.
കേരളത്തില്‍ നിന്നും മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലത്തേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന 9 പോലീസ് ഓഫീസര്‍മാരുടെ കഥ പറയുന്ന ചിത്രമാണ് ഉണ്ടയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇതിനു മുമ്പ് ഒരു മിനിട്ടു ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തു വിട്ടിരുന്നു. മികച്ച ഭാഗങ്ങള്‍ കാണിച്ച ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച അഭിപ്രായത്തോടെ യൂടൂബില്‍ തരംഗമായി മാറിയ ടീസര്‍ പതിനഞ്ച് ലക്ഷത്തിലലധികം ആളുകളാണ് കണ്ടത്.
അതേ സമയം ഈദ് റിലീസിനായി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്, വിനയ് ഫോര്‍ട് നായകനാകുന്ന തമാശ, വിനായകന് നായകനാകുന്ന തൊട്ടപ്പന്, ഷാഫി ചിത്രം ചില്‍ഡ്രന്‍സ് പാര്‍ക്ക്, ആസിഫ് അലി നായകനാകുന്ന കക്ഷി അമ്മിണി പിള്ള, ജയറാം നായകനാകുന്ന മൈ ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍, ചെമ്പന്‍ വിനോദും ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്ക്, അപ്പനി ശരത്ത്, ഡൊമനിക് തൊമ്മി എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇക്കയുടെ ശകടം എന്നീ മലയാള സിനിമകൾക്കൊപ്പം ബോളിവുഡിൽ നിന്ന് സൽമാൻഖാൻ ചിത്രം ഭാരതും പ്രദർശനത്തിനെത്തും. കൂടാതെ സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എൻ.ജി.കെ എന്ന തമിഴ് ചിത്രം ഈദ് റിലീസായി കഴിഞ്ഞ വാരം പ്രദർശനത്തിനെത്തി.