ശബരിമലവിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ

ശബരിമല വിഷയം തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് സിപിഐ. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയുള്ള വികാരമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സംസ്ഥാന എക്‌സിക്യുട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വിലയിരുത്തുന്നു. മോദി വിരുദ്ധത ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് ഇടയാക്കിയതും തോല്‍വിയില്‍ പങ്കുവഹിച്ചെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സവര്‍ണ ഹിന്ദുവിഭാഗങ്ങളുടെ എതിര്‍പ്പിന് കാരണമായി. ഇത് സര്‍ക്കാര്‍ വിരുദ്ധ വികാരമായി മാറിയതാണ് വന്‍ തിരിച്ചടിക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. തിരഞ്ഞെടുപ്പ് കാലത്ത് ശബരിമലയുടെ സ്വാധീനത്തെ വിലകുറച്ച് കണ്ടു. ശബരിമലയെ പാടെ അവഗണിക്കുന്ന തരത്തിലായിരുന്നു മുന്നണിയുടെ പ്രചാരണം. യഥാസമയത്ത് പ്രതിരോധം തീര്‍ക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മത ന്യൂനപക്ഷങ്ങളുടെ ഏകീകരണമാണ് തോല്‍വിക്ക് മറ്റൊരു കാരണം. വീണ്ടും മോദി സര്‍ക്കാര്‍ വരുമോയെന്ന ഭീതിയിലായിരുന്നു ന്യൂനപക്ഷങ്ങള്‍. രാഹുല്‍ ഗാന്ധിയുടെ വരവോടെ മോദിയെ ചെറുക്കുക കോണ്‍ഗ്രസെന്ന വികാരം ശക്തമായി. ഇതാണ് ന്യൂനപക്ഷ വോട്ട് കോണ്‍ഗ്രസിന് അനുകൂലമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തിരഞ്ഞെടുപ്പ് തോല്‍വിയില്‍ ശബരിമല തിരിച്ചടിയായെന്ന് സിപിഎം തുറന്ന് സമ്മതിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിപിഐ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.