രോഗ വ്യാപനം രൂക്ഷം; ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി

പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് പരിശോധന കര്‍ശനമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ സന്നിധാനത്ത് മാത്രം മുപ്പത്തിയാറ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥരില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 48 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. സന്നിധാനത്ത് 238 പേരില്‍ നടത്തിയ റാപ്പിഡ് പരിശോധനയില്‍ 36 പേര്‍ക്ക് കൊവിഡ് കണ്ടെത്തി.

18 പോലീസ് ഉദ്യോഗസ്ഥര്‍, 17 ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, ഒരു ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. നിലക്കലില്‍ ഏഴ് പൊലീസുകാരുള്‍പ്പടെ പതിനൊന്ന് പേര്‍ക്കും പമ്പയില്‍ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനും രോഗം സ്ഥിരികരിച്ചു. പമ്പയിലും നിലക്കലിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരില്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് മെസ്സുകള്‍ താല്‍ക്കാലികമായി അടച്ചു.

അതേസമയം സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരില്‍ രോഗബാധകണ്ടെത്താത്ത സാഹചര്യത്തില്‍ ആശങ്കവേണ്ടെന്നാണ് ദേവസ്വംബോര്‍ഡ് അധികൃതര്‍ പറയുന്നത്. ജീവനക്കാരിലും പൊലീസ് ഉദ്യോഗസ്ഥരിലും കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തെ കുറിച്ച് ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. അടുത്തഘട്ടത്തിന്റെ ചുമതലയുള്ള പൊലീസ് ബാച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കും. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും പൊലീസുകാരുടെ എണ്ണം കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പരിശോധന തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Content Highlight: Covid test made mandatory in Sabarimala