രാജ്യത്ത് 3,86,452 പേര്‍ക്കു കൂടി കോവിഡ്; 3498 മരണം

india covid updates

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്. 3498 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. 2,97,540 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി.

നിലവില്‍ 31,70,228 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അതേസമയം, രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സിനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സിനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സിൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ അറിയിച്ചിട്ടുണ്ട്.

Content Highlights: India Covid 19 Updates