അപകടദിവസം ബാലഭാസ്‌കറിന്റെ വാഹനം പാഞ്ഞത് അതിവേഗത്തില്‍: 231 കി.മീ സഞ്ചരിച്ചത് 2.37 മണിക്കൂറില്‍

അപകടദിവസം ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തൽ. ചാലക്കുടിയിൽ 1.08ന് കാർ സ്പീഡ് ക്യാമറയിൽ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റർ യാത്ര ചെയ്യാൻ വെറും 2.37 മണിക്കൂർ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്.

സ്വർണക്കടത്തു കേസിൽ ബാലഭാസ്കറിന്റെ സുഹൃത്ത് പ്രകാശൻ തമ്പി പിടിയിലായതോടെയാണ് അപകടം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛൻ കെ.സി.ഉണ്ണി അടക്കമുള്ളവർ ആരോപിച്ചിരുന്നു. അർജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാൽ താനല്ല ബാലഭാസ്കറാണ് കാറോടിച്ചിരുന്നതെന്ന് അർജുനും മൊഴി നൽകിയിരുന്നു.

അതേ സമയം, ബാലഭാസ്കറിന്റെ കാറോടിച്ചിരുന്ന ഡ്രൈവർ അർജുൻ നാട്ടിലില്ലെന്ന് ക്രൈംബ്രാഞ്ച്. അസമിലെന്ന് സംശയം. തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴിയെടുക്കാനായില്ല. അപകടത്തിൽ പരുക്കേറ്റയാൾ‍ ദൂരയാത്രയ്ക്കു പോയതിൽ ദുരൂഹതയെന്നു വിലയിരുത്തൽ. തുടക്കത്തിൽ വാഹനം ഓടിച്ചത് അർജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴി ലഭിച്ചു.