അബ്ദുള്ളകുട്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു; ആസൂത്രിതമെന്ന് സംശയം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളകുട്ടിയുടെ വാഹനം മലപ്പുറത്ത് അപകടത്തില്‍പെട്ടു. കാറിന് പിന്നില്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. അപകടം ആസൂത്രിതമാണെന്നാണ് അബ്ദുള്ളകുട്ടിയുടെ സംശയം.

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രാമധ്യേ മലപ്പുറത്ത് വെച്ചാണ് ലോറി കാറില്‍ ഇടിക്കുന്നത്. ചെറിയ കയറ്റം കയറുന്നതിനിടെയാണ് വാഹനം ഇടിച്ചത്. രണ്ട് തവണ ലോറി കാറില്‍ ഇടിച്ചെന്നും കാറിന്റെ ഒരു ഭാഗം തകര്‍ന്നെന്നും അബ്ദുള്ളകുട്ടി പറഞ്ഞു. അപകടം ആസൂത്രിതമാണെന്നും ഇതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു.

വെളിയങ്കോടി ഹോട്ടലില്‍ നിന്ന് ഇറങ്ങുമ്പോള്‍ രണ്ടു പേർ മനപൂര്‍വ്വം വഴത്തുണ്ടാക്കാന്‍ വന്നതായും അബ്ദുള്ളകുട്ടി പറഞ്ഞു. ഔദ്യോഗികമായി അദ്ദേഹം ഇന്ന് പരാതി നല്‍കും.

അതേസമയം, അബ്ദുള്ളക്കുട്ടിയുടെ കാറിനു പിന്നില്‍ വന്നിടിച്ച കെ.എല്‍. 65 എം. 6145 എന്ന റജിസ്‌ട്രേഷന്‍ നമ്പറിലുള്ള ലോറിയുടെ ഡ്രൈവര്‍ ഉറങ്ങി പോയെന്നാണ് വിശദീകരണം. ലോറി ഡ്രൈവര്‍ക്കെതിരെ കാടാമ്പുഴ പൊലീസ് കേസെടുത്തു. മലപ്പുറം വേങ്ങര സ്വദേശി സുസൈലിനെതിരെയാണ് വാഹനാപകടത്തിന് കേസെടുത്തത്. പൊതുമരാമത്ത് ജോലികള്‍ക്കായി സാധനങ്ങള്‍ കൊണ്ടു പോകുന്ന കരാര്‍ ലോറിയാണ് അബ്ദുള്ളക്കുട്ടിയുടെ വാഹനത്തെ ഇടിച്ചത്. മലപ്പുറം സ്വദേശി ശബാന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ലോറി. അപകടത്തിന് പിന്നില്‍ മറ്റ് കാരണങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Content Highlight: Lorry Driver arrested in Abdullakutty car accident