കെ. സുരേന്ദ്രന്റെ മകളെ ഫേസ്ബുക്കിലൂടെ അതിക്ഷേപിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

കോഴിക്കോട്: മകളുമൊത്ത് ഫേസ് ബുക്കില്‍ പങ്കുവെച്ച ചിത്രത്തിന് താഴെ അധിക്ഷേപ കമന്റിട്ടയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബാലിക ദിനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പങ്കുവെച്ച മകള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രത്തിന് താഴെയാണ് മകളെ അധിക്ഷേപിക്കുന്ന തരത്തില്‍ കമന്റ് പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയില്‍ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരേയാണ് പോലീസ് കേസെടുത്തത്.

എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രന്‍ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. കെ സുരേന്ദ്രന്റെ ചിത്രത്തിന് താഴെ നിരവധി കമന്‍രുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും മകള്‍ക്ക് ആശംസകള്‍ നേര്‍ന്നുള്ളവയാണ്. അച്ഛന്റെ പാത പിന്തുടരാതെ ജാതിയും, മതവും നോക്കാതെ പ്രവര്‍ത്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും ചിലര്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇടിനിടെയാണ് മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകള്‍ ഉയര്‍ന്നത്.

സുരേന്ദ്രന്റെ മകളെ പൊലീസ് അധിക്ഷേപിച്ചതിനെതിരെ പൊലീസ് കേസെടുക്കാന്‍ വൈകുന്നതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരേ വ്യക്തിഹത്യ നടക്കുമ്പോള്‍ നടപടി എടുക്കാന്‍ പോലീസിന് മടിയാണെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു. അതേസമയം, തിങ്കളാഴ്ച്ച രാത്രിയാണ് പരാതി ലഭിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം.

Content Highlights: Man Booked For Insulting BJP President Surendran’s Daughter On Social Media