53 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ഫേസ്ബുക്കിനെതിരെ ഗുരുതരാരോപണം. 53 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറുകളും മറ്റു അടിസ്ഥാന വിവരങ്ങളുമുൾപ്പെടെ ചോർന്നതായി റിപ്പോർട്ട്. ഇത്തരത്തില്‍ ചോര്‍ന്ന ഡാറ്റ ഹാക്കിംഗ് ഫോറങ്ങളില്‍ സൗജന്യമായി പോസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ജനുവരി മുതൽ ഹാക്കർ വെബ്സൈറ്റുകളിൽ കാണുന്ന ഫേസ് ബുക്കുമായി ബന്ധപ്പെടുത്തിയ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തന്നെയാണ് ഇവയിലുമുള്ളതെന്നാണ് വിദഗ്‌ദ്ധരുടെ നിഗമനം. ഫോണ്‍ നമ്പര്‍, വ്യക്തികളുടെ പൂര്‍ണമായ പേര്, സ്ഥലം, ജനന തീയതി, ബയോഡാറ്റ, ഇ-മെയില്‍ അഡ്രസ് തുടങ്ങിയ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം.

ഹാക്കർ ചോർത്തിയ വിവരങ്ങൾ ഏറെ പഴക്കമുള്ളതാണെന്നും 2019 ൽ പരിഹരിച്ച ഒരു പ്രശ്‌നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വാർത്ത കുറിപ്പിൽ അറിയിച്ചു. അതെ സമയം വിവരങ്ങൾ ഹാക്കർ വഴി ചോർന്ന സാഹചര്യത്തിൽ വരും മാസങ്ങളിൽ ഇവ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബർ കുറ്റകൃത്യ സ്ഥാപനമായ ഹഡ്സൺ റോക്കിലെ ആലൺ ഗാൽ മുന്നറിയിപ്പ് നൽകി.

content highlights: Half a billion Facebook users’ personal information may have been hacked