കത്വ കൂട്ടബലാത്സംഗം; ആറുപേര്‍ കുറ്റക്കാരെന്ന് കോടതി.

കത്വ കൂട്ട ബലാത്സംഗകേസില്‍ ഏഴില്‍ ആറുപേര്‍ കുറ്റക്കാരെന്ന് പത്താൻകോട്ട് പ്രത്യേക കോടതി കണ്ടെത്തി. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ വിധി പ്രസ്താവന ഉണ്ടായിരിക്കും. ഒരാളെ കേസില്‍ നിന്ന് വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍ , എന്നീ പ്രതികളും മൂന്ന് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു. ഇയാളും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നീ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് കേസ്.

അതേസമയം, സാഞ്ചിറാമിന്റെ മരുമകന്‍ വിശാലിനെ കോടതി വെറുതെ വിട്ടു. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ഇയാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു.
മുഖ്യപ്രതി സാഞ്ചി റാമിന്റെ പതിനഞ്ചുകാരനായ മറ്റൊരു മരുമകനും കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ്. പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‌വീന്ദര്‍ സിംഗാണ് കേസില്‍ വിധി പറയുന്നത്.

2018 ജനുവരിയിലാണ് ജമ്മുകാശ്മീരിലെ കത്വയില്‍ ഏട്ടുവയസ്സുകാരിയെ ഇവര്‍ തട്ടികൊണ്ടുപോയി കൂട്ടൂബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അടങ്ങുന്ന ബകര്‍വാള്‍ വിഭാഗത്തെ ഗ്രാമത്തില്‍ നിന്നും നാടുകടത്താന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ ദിവസങ്ങളോളം തടവില്‍ വച്ച് പീഡിപ്പിച്ചത്.