യുഡിഎഫിൽ നിന്നും പുറത്താക്കാൻ കാരണം ‘അഴിമതി തുറന്ന് പറഞ്ഞതുകൊണ്ട്’; ​ഗണേഷ് കുമാർ

പാലാരിവട്ടം പാലത്തിന്റേതടക്കമുള്ള അഴിമതികള്‍ തുറന്ന് പറഞ്ഞതിനാലാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നതെന്ന് കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എ. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയോട് തെളിവുകള്‍ സഹിതം അന്ന് പരാതിപ്പെട്ടിരുന്നു.

എന്നാല്‍ പരാതി നല്‍കിയതിന്റെ പേരില്‍ അപമാനിതനായി തനിക്ക് പുറത്ത് പോകേണ്ടി വന്നു. അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗണേഷ് കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. ആ സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റു പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിയുടേതടക്കം എല്ലാ പദ്ധതികളും പരിശോധിക്കണം. പാലാരിവട്ടം മഞ്ഞുമലയുടെ ചെറിയ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.